

ന്യൂഡല്‍ഹി: വാര്‍ഷിക ലൈസന്‍സ് ഫീസ് (എജിആര്‍) കുടിശ്ശിക അടയ്ക്കാനുള്ള ഉത്തരവ് പാലിക്കാതിരുന്ന ടെലികോം കമ്പനികള്‍ക്കും ഫീസ് ഈടാക്കുന്നതില്‍ വീഴ്ച വരുത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. നിയമത്തിന് ഒരു വിലയുമില്ലാതായ ഈ രാജ്യത്ത് പണമാണോ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ചോദിച്ചു. കമ്പനികള്‍ക്കും ടെലികോം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും കോടതിയലക്ഷ്യ നോട്ടീസ് അയയ്ക്കാന്‍ കോടതി ഉത്തരവിട്ടു.
1.47 ലക്ഷം കോടിയുടെ എജിആര്‍ അടയ്ക്കുന്നതിനു സമയം തേടി ടെലികോം കമ്പനികള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നടപടി. കമ്പനികള്‍ ഇതുവരെ ഒരു പൈസ പോലും അടച്ചില്ല എന്നത് അദ്ഭുതപ്പെടുന്ന കാര്യമാണെന്ന് കോടതി പറഞ്ഞു. ഫീസ് അടയ്ക്കുന്നതിന് സമയം അനുവദിച്ച് ഉത്തരവിറക്കിയ ടെലികോം വകുപ്പിലെ ഡെസ്‌ക് ഓഫിസറെ കോടതിയിലേക്കു വിളിച്ചുവരുത്തുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. ഒരു ഡെസ്‌ക് ഓഫിസര്‍ സുപ്രീം കോടതി ഉത്തരവ് സ്‌റ്റേ ചെയ്യുകയാണോയെന്ന് അദ്ദേഹം ചോദിച്ചു. ''ഈ രാജ്യത്ത് എന്താണ് നടക്കുന്നത്? സുപ്രീം കോടതിക്ക് എന്താണ് വില? പണാധികാരത്തിന്റെ ഫലമാണിത്'' - ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.
ഏതു തരത്തിലുള്ള അഴിമതിയും അവസാനിപ്പിക്കേണ്ടതാണ്. ഇത് അവസാന അവസരവും അവസാന മുന്നറിപ്പുമാണ്. അടുത്ത തവണ കേസ് പരിഗണിക്കും മുമ്പ് പണം അടച്ചില്ലെങ്കില്‍ കമ്പനി മേധാവികള്‍ കോടതിയില്‍ ഹാജരാവേണ്ടി വരുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.
ഫീസ് അടയ്ക്കുന്നതിനു സമയം തേടി കമ്പനികള്‍ ഹര്‍ജി നല്‍കിയതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. എങ്ങനെയാണ് ഇത്തരത്തിലൊരു ഹര്‍ജി നല്‍കാനാവുകയെന്ന് കോടതി ചോദിച്ചു. സമയം അനുവദിച്ചു നല്‍കിയ ഉദ്യോഗസ്ഥനെ രൂക്ഷമായി വിമര്‍ശിച്ച കോടതി ഇങ്ങനെയെങ്കില്‍ സുപ്രീം കോടതി അടച്ചുപൂട്ടാമല്ലോയെന്ന് പരിഹസിച്ചു.
എയര്‍ടെല്‍, വോഡഫോണ്‍, ടാറ്റ തുടങ്ങിയ ടെലികോം കമ്പനികളാണ് ഫീസ് ഒടുക്കുന്നതിനു സമയം തേടി കോടതിയെ സമീപിച്ചത്. കേസ് മാര്‍ച്ച് ഏഴിന് വീണ്ടും പരിഗണിക്കും.
ടെലികോം കമ്പനികളുടെ ലൈസന്‍സ് ഫീയില്‍ ടെലികോം ഇതര വരുമാനം കൂടി പരിഗണിക്കണമെന്ന് വ്യക്തമാക്കി കഴിഞ്ഞ വര്‍ഷമാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ഇതനുസരിച്ച് കമ്പനികള്‍ 1.47 ലക്ഷം കോടി രൂപ കുടിശ്ശിക അടയ്ക്കണം. ഇതിനെതിരെ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജി കോടതി നേരത്തെ തള്ളിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates