

ചെന്നൈ: വാഹനങ്ങളടക്കമുള്ളവ വാങ്ങാനും വില്‍ക്കാനും മറ്റുമായി ആളുകള്‍ സന്ദര്‍ശിക്കുന്ന ഇ കൊമേഴ്‌സ് വെബ്‌സൈറ്റായ ഒഎല്‍എക്‌സ് വഴി പുതിയ തട്ടിപ്പ് നടക്കുന്നതായി പൊലീസ്. ഇന്ത്യന്‍ സൈന്യത്തിലാണെന്ന വ്യാജ ഒഎല്‍എക്‌സ് പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്താണ് തട്ടിപ്പ് നടക്കുന്നതെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ഒന്നര മാസത്തിനിടെ നിരവധി പേര്‍ പരാതിയുമായി എത്തിയതോടെയാണ് പൊലീസ് നിരീക്ഷണം ആരംഭിച്ചത്.
പുതിയ സൈബര്‍ കുറ്റകൃത്യത്തിന് ചെന്നൈ നഗരത്തില്‍ മാത്രം നിരവധി ആളുകളാണ് ഇപ്പോള്‍ ഇരയാകുന്നത്. കഴിഞ്ഞ 45 ദിവസത്തിനുള്ളില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറിലധികം പരാതികള്‍ ലഭിച്ചതായി പൊലീസ് വ്യക്തമാക്കി.
ബൈക്ക് വാങ്ങാനായി ഒഎല്‍എക്‌സില്‍ തിരഞ്ഞപ്പോള്‍ 13,000 രൂപയ്ക്ക് വണ്ടി ലഭിക്കുമെന്ന പരസ്യം കണ്ടു വിളിച്ച തനിക്ക് 50,000 രൂപ നഷ്ടമായെന്ന് കാണിച്ച് ഒരു പെണ്‍കുട്ടി നല്‍കിയ പരാതി അന്വേഷിച്ചപ്പോഴാണ് പൊലീസിന് തട്ടിപ്പിന്റെ ആഴം വ്യക്തമായത്. ഒഎല്‍എക്‌സില്‍ നല്‍കിയിരിക്കുന്ന നമ്പറിന്റെ ഉടമയായ വ്യക്തിയെ ബന്ധപ്പെട്ടപ്പോള്‍ വാടാസ്ആപ്പിലൂടെ സന്ദേശമയക്കാന്‍ ആവശ്യപ്പെട്ടു. വാട്‌സ്ആപ്പില്‍ സൈനിക വേഷത്തിലുള്ള ചിത്രമായിരുന്നു അയാളുടെ പ്രൊഫൈലില്‍ ഉണ്ടായിരുന്നത്.
പിന്നീട് ഇന്ത്യന്‍ സൈന്യത്തിലാണെന്ന് അവകാശപ്പെട്ട വ്യക്തി വാട്‌സ്ആപിലൂടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് കോപ്പി, ആര്‍മി ഐഡി, ആധാര്‍ എന്നിവ അയച്ച് വിശ്വസിപ്പിക്കാനുള്ള ശ്രമം നടത്തിയെന്നും പെണ്‍കുട്ടി പറഞ്ഞു. താന്‍ ഇപ്പോള്‍ പല്ലവരാം എന്ന സ്ഥലത്താണ് ജോലി ചെയ്യുന്നതെന്നും അടുത്തിടെ രാജസ്ഥാനില്‍ നിന്ന് സ്ഥലം മാറി എത്തിയതാണെന്നും ഇയാള്‍ പറഞ്ഞതായും പരാതിയിലുണ്ട്.
വാട്‌സ്ആപ് വഴി ബന്ധം സ്ഥാപിച്ച ശേഷം അവരെ നേരില്‍ കാണാണമെന്ന് ആവശ്യപ്പെടും. ഇടപാടുകള്‍ സത്യസന്ധമാണെന്ന് കാണിക്കാനുള്ള എല്ലാ ശ്രമങ്ങളും തട്ടിപ്പ് സംഘം നടത്തും. അതിന് ശേഷം അയക്കാന്‍ പോകുന്ന വാഹനം പായ്ക്ക് ചെയ്യുകയാണെന്നും മറ്റും തെളിയിക്കാന്‍ ഇത്തരത്തിലുള്ള ചിത്രങ്ങള്‍ ഇടപാടുകാരന്റെ വാട്‌സ്ആപിലേക്ക് അയക്കും.
സമാന അനുഭവം മറ്റൊരാളും പൊലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. പരാതിക്കാരന് പല തവണയായി കൈയില്‍ നിന്ന് പോയത് 33,000 രൂപയാണ്. ഇത്രയും പണം നല്‍കിയതിന് പിന്നാലെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും പരാജയപ്പെട്ടു. വണ്ടിയൊന്നും തനിക്ക് ലഭിച്ചില്ലെന്നും പരാതിക്കാരന്‍ പറഞ്ഞു.
വിളിക്കുന്ന വ്യക്തി സ്തീകള്‍, ധൈര്യക്കുറവുള്ള ആള്‍, പ്രായം ചെന്നവര്‍ എന്നിവരാണെങ്കില്‍ ഭീഷണിപ്പെടുത്തലുമുണ്ട്. അപമര്യാദയായി പെരുമാറിയാല്‍ സൈനിക നടപടി നേരിടേണ്ടി വരുമെന്നാണ് ഭീഷണി.
തട്ടിപ്പ് സംഘത്തിലെ ഭൂരിഭാഗം പേരും രാജസ്ഥാനിലിരുന്നാണ് പ്രവര്‍ത്തിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. സോഫ, വണ്ടികള്‍, റഫ്രിജറേറ്ററുകള്‍, ടെലിവിഷന്‍, മൊബൈല്‍ അടക്കമുള്ളവയുടെ പരസ്യം നല്‍കിയാണ് റാക്കറ്റിന്റെ പ്രവര്‍ത്തനമെന്നും പൊലീസ് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates