'ഒട്ടും കുറ്റബോധമില്ല, അതെന്റെ വിധിയാണ്' ; ഭർത്താവിനെ കൊലപ്പെടുത്തിയ അപൂർവ ജയിലിൽ ഭാവി പ്രവചന പഠനത്തിൽ

ടാരറ്റ് കാർഡുകൾ ഉപയോഗിച്ച് ഭാവി പറയുന്ന മാന്ത്രികവിദ്യ പഠനത്തിൽ മുഴുകിയിരിക്കുകയാണ് അപൂർവയെന്ന് ജയിൽ അധികൃതർ പറഞ്ഞു
'ഒട്ടും കുറ്റബോധമില്ല, അതെന്റെ വിധിയാണ്' ; ഭർത്താവിനെ കൊലപ്പെടുത്തിയ അപൂർവ ജയിലിൽ ഭാവി പ്രവചന പഠനത്തിൽ
Updated on
1 min read

ന്യൂഡൽഹി : യുപി, ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന എൻഡി തിവാരിയുടെ മകൻ രോഹിതിനെ ശ്വാസം മുട്ടിച്ചുകൊന്ന കേസിൽ തീഹാർ ജയിലിൽ കഴിയുന്ന ഭാര്യ അപൂർവ ശുക്ല ഭാവി പ്രചനം പഠിക്കുന്നു. ടാരറ്റ് കാർഡുകൾ ഉപയോഗിച്ച് ഭാവി പറയുന്ന മാന്ത്രികവിദ്യ പഠനത്തിൽ മുഴുകിയിരിക്കുകയാണ് അപൂർവയെന്ന് ജയിൽ അധികൃതർ പറഞ്ഞു. 78 കാർഡിൽ 15 എണ്ണം ഉപയോ​ഗിച്ച് ഭാവി പ്രവചനം നടത്തുന്നതിൽ അപൂർവ പ്രാവീണ്യം നേടിയതായി ജയിലിൽ ഭാവിപ്രവചന ക്ലാസ് നയിക്കുന്ന ഡോ പ്രതിഭ സിങ് പറഞ്ഞു

‘ആഴ്ചയിൽ രണ്ടു ദിവസമാണ് ജയിലിൽ ക്ലാസ് നടത്തുന്നത്. ചൊവ്വയും വെള്ളിയും രണ്ടു മണിക്കൂർ വീതം. പഠിതാക്കളുടെ മുൻനിരയിൽതന്നെ അപൂർവ ഇരിപ്പുറപ്പിക്കും. പഠിക്കാനുള്ള ആഗ്രഹം ഇങ്ങോട്ടു പറയുകയായിരുന്നു. ഇതുവരെ ഏഴു ക്ലാസുകൾ‌ പൂർത്തിയായി. ശ്രദ്ധാപൂർവമാണ് അവർ ക്ലാസിലിരിക്കുന്നത്. കോടതി നടപടിക്കായി പോയതിനാൽ ഒരു ക്ലാസ് നഷ്ടപ്പെട്ടപ്പോൾ അപൂർവ ദുഃഖിതയായിരുന്നു’ എന്നും പ്രതിഭ പറഞ്ഞു. ഒന്നര വർഷമായി ജയിലിൽ ഭാവിപ്രവചന ക്ലാസ് നയിക്കുകയാണ് പ്രതിഭ സിങ് .

അഞ്ചാറു വർഷമായി ടാരറ്റ് കാർഡ് പ്രവചനം പഠിക്കാൻ അപൂർവ ശ്രമിച്ചെങ്കിലും പലകാരണങ്ങളാൽ നടന്നില്ല. ക്ലാസിൽ ശാന്തയാണ്. പഠിക്കാനുള്ള അഭിലാഷവുമുണ്ട്.  നല്ല വിദ്യാർഥിയായി നോട്ടെഴുതും, സംശയങ്ങൾ ചോദിക്കും. ഹിന്ദിയിലും ഇംഗ്ലിഷിലുമാണു ഞങ്ങൾ ക്ലാസെടുക്കാറുള്ളത്. എപ്പോഴും ഇംഗ്ലിഷിൽ വിശദീകരിക്കാനാണ് അഭിഭാഷക കൂടിയായ അപൂർവ ആവശ്യപ്പെടാറുള്ളത്. ജയിലിൽ ആദ്യ ക്ലാസിന് എത്തിയപ്പോൾ, ചെയ്ത കുറ്റത്തിൽ പശ്ചാത്താപമുണ്ടോ എന്നു ചോദിച്ചു. ‘എനിക്കു യാതൊരു കുറ്റബോധവുമില്ല. അതെന്റെ വിധിയിൽ എഴുതിയിട്ടുള്ളതാണ്’ എന്നായിരുന്നു അപൂർവയുടെ മറുപടി. 

അധികം സംസാരിക്കാത്ത പ്രകൃതവും ശാഠ്യക്കാരിയുമായിരുന്നു ജയിലിലെത്തിയ ആദ്യ ദിവസങ്ങളിൽ അപൂർവയുടേതെന്ന് ജയിൽ അധികൃതർ പറഞ്ഞു. പിന്നീട് മാറ്റമുണ്ടായി. കീർത്തനാലാപനത്തിൽ പങ്കെടുക്കാൻ തുടങ്ങി. ജയിൽവാസികളുടെ മാനസിക സമ്മർദം കുറയ്ക്കുന്നതിന്റെ ഭാഗമായുള്ള ഇത്തരം ക്ലാസുകളിൽ സജീവമായി. അപൂർവ ഉൾപ്പെടെ നിരവധിപേരിൽ പോസിറ്റീവ് ആയ മാറ്റമുണ്ടെന്ന് അധ്യാപിക പ്രതിഭ സിങ് വിശദീകരിച്ചു.

2019 ഏപ്രിൽ 15നും 16നും ഇടയിലായിരുന്നു രോഹിത്തിന്റെ അകാലമരണം. ഡിഫൻസ് കോളനിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണു മരണമെന്നായിരുന്നു ആദ്യ നിഗമനം.  പോസ്റ്റ് മോർട്ടത്തിലാണു കൊലപാതകമാണെന്നു കണ്ടെത്തിയത്. തലയിണ ഉപയോഗിച്ചു ശ്വാസം മുട്ടിച്ചു കൊന്നതാണെന്ന്  പൊലീസ് കണ്ടെത്തി. എംബിഎ ബിരുദധാരിയും സുപ്രീംകോടതി അഭിഭാഷകയുമായ അപൂർവയാണ് കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് കണ്ടെത്തി. രോഹിതിന്റെ വഴിവിട്ടുള്ള ജീവിതവും, അദ്ദേഹത്തിന്റെ സ്വത്തുക്കൾ കൈക്കലാക്കാനുള്ള അത്യാ​ഗ്രഹവുമാണ് അപൂർവയെ കൊലയിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com