

ന്യൂഡല്‍ഹി : ഒരാള്‍ക്ക് ഒരു സീറ്റില്‍മാത്രം മത്സരിക്കാന്‍ കഴിയുന്നത് ഉള്‍പ്പെടെയുള്ള സമഗ്ര പരിഷ്‌കാരങ്ങള്‍ക്കൊരുങ്ങി തെരഞ്ഞെടുപ്പ് കമീഷന്‍. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള നിലവിലെ വ്യവസ്ഥകളുടെ പരിഷ്‌കരണം അടക്കം പുതിയ നിര്‍ദേശങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ടുവെയ്ക്കുന്നത്. നിര്‍ദേശങ്ങള്‍ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം അവസാനിക്കുന്നതിന് തൊട്ടുപിന്നാലെ കേന്ദ്ര നിയമമന്ത്രാലയത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമര്‍പ്പിക്കും.
പുതിയ നിര്‍ദേശങ്ങള്‍ വിശദീകരിക്കുന്നതിനായി പുതിയ നിയമസെക്രട്ടറി അനൂപ്കുമാര്‍ മെന്‍ഡിരാറ്റയുമായി കൂടിക്കാഴ്ച നടത്തുമെന്ന് തെരഞ്ഞെടുപ്പു കമീഷന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിലവില്‍ തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് രണ്ടു സീറ്റില്‍ മത്സരിക്കാം. ഇത് മാറ്റി, ഒരാള്‍ക്ക് ഒരു സീറ്റില്‍ മല്‍സരിക്കാന്‍ പാടുള്ളൂ എന്ന നിയമം കൊണ്ടുവരണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെടുന്നത്.
നിലവില്‍ ഒരാള്‍ രണ്ടുസീറ്റിലും വിജയിച്ചാല്‍ ഒരുസീറ്റ് രാജിവയ്ക്കണം. ഇത് ഉപതെരഞ്ഞെടുപ്പിന് വഴിവെക്കും. ഉപതെരഞ്ഞെടുപ്പിന് അനാവശ്യമായി അധികച്ചെലവ് വേണ്ടിവരുകയും ചെയ്യുന്നു. പുിയ നിയമം വഴി ഈ അധികച്ചെലവ് ഒഴിവാക്കാനാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നു. അഥവാ രണ്ടു സീറ്റിലും മല്‍സരിക്കാമെന്ന നിലവിലെ നിയമം തുടര്‍ന്നാല്‍, ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നാല്‍ കാരണക്കാരനായ സ്ഥാനാര്‍ഥിയില്‍നിന്ന് ചെലവ് പിഴയായി ഈടാക്കാന്‍ നിയമം വേണമെന്നാണ് ശുപാര്‍ശയില്‍ ആവശ്യപ്പെടുന്നത്.
നിലവില്‍ ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്കുമാത്രമേ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ടായിരുന്നുള്ളൂ. ഇതിലും കമ്മീഷന്‍ പരിഷ്‌കരണം ആവശ്യപ്പെടുന്നു. ഏപ്രില്‍, ജൂലൈ, ഒക്ടോബര്‍ മാസങ്ങളിലെ ഒന്നാം തീയതിക്കുമുമ്പ് 18 വയസ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്കും പട്ടികയില്‍ പേര് ചേര്‍ക്കാര്‍ അവസരമുണ്ടാകണം എന്നാണ് കമീഷന്‍ ശുപാര്‍ശ ചെയ്യുന്നത്. ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പാക്കാനും കമീഷന്‍ ആലോചിക്കുന്നുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പുറമെ മറ്റു തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കും ഭരണഘടനാ പരിരക്ഷ ഉറപ്പാക്കണമെന്നും ശുപാര്‍ശയില്‍ ആവശ്യപ്പെടുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates