ന്യൂഡല്‍ഹി: സഞ്ജയ് ലീലാ ബന്‍സാലിയുടെ പത്മാവതി പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന സംഘപരിവാര്‍ സംഘടനകളുടെ നിലപാടിനെ പരോക്ഷമായി വിമര്‍ശിച്ച് നടി ദീപിക പദുക്കോണ്‍. ഡിസംബര്‍ ഒന്നിന് പത്മാവതി തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്താനിരിക്കേയാണ് സംഘപരിവാര്‍ സംഘടനകളുടെ നിലപാടുകളെ എതിര്‍ത്ത് ദീപിക പദുക്കോണ്‍ രംഗത്തുവന്നത്. നമ്മുടെ രാജ്യം പിന്നോട്ടുപോയിരിക്കുകയാണ്. രാജ്യം എവിടെ എത്തി നില്‍ക്കുന്നുവെന്നതും ആലോചിക്കേണ്ട കാര്യമാണ്. ഇത് തീര്‍ത്തും അപലപീനമാണെന്ന്് ചിത്രത്തെ എതിര്‍ക്കുന്നവരെ വിമര്‍ശിച്ച് ദീപിക പദുക്കോണ്‍ പറഞ്ഞു.
ഒരു ശക്തിക്കും സിനിമയുടെ പ്രദര്‍ശനം തടയാന്‍ സാധിക്കില്ല. സിനിമമേഖലയെ നിയന്ത്രിക്കുന്ന സെന്‍സര്‍ബോര്‍ഡിന് മുന്‍പില്‍ മാത്രമാണ് തങ്ങള്‍ ഉത്തരം പറയേണ്ടതുളളു. ഇതിലുടെ സിനിമയെ എതിര്‍ക്കുന്ന സംഘപരിവാര്‍ അനുകൂല സംഘടനകള്‍ക്ക് കൃത്യമായി മറുപടി നല്‍കുയായിരുന്നു ദീപിക പദുക്കോണ്‍. ചിത്രം എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് നിശ്ചിത സമയത്ത് തന്നെ പ്രദര്‍ശനത്തിന് എത്തുമെന്നും ദീപിക പദുക്കോണ്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ചരിത്രത്തെ ആസ്പദമാക്കിയുളള സഞ്ജയ് ലീലാ ബന്‍സാലിയുടെ ചിത്രത്തിന് ഫിലിം ഇന്‍ഡസ്ട്രിയില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചത്. എന്നാല്‍ ഇത് ഒരു ചിത്രത്തിന്റെ മാത്രം പ്രശ്‌നമായി കണ്ടുകൊണ്ടല്ല. ആവിഷ്‌ക്കാര സ്വാതന്ത്ര്യം ഉള്‍പ്പെടെയുളള വലിയ ലക്ഷ്യത്തിന് വേണ്ടിയാണ് തങ്ങള്‍ പടപൊരുതുന്നതെന്ന് ദീപിക പദുക്കോണ്‍ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ഒരു സ്ത്രീയെന്ന നിലയില്‍ ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ താന്‍ അഭിമാനിക്കുന്നു. ഇതിലെ കഥ ലോകത്തോട് വിളിച്ചുപറയേണ്ടത് തന്നെയാണെന്നും കഥാപശ്ചാത്തലം ചരിത്രത്തെ വളച്ചൊടിക്കുന്നതാണെന്ന സംഘപരിവാര്‍ വിമര്‍ശങ്ങള്‍ക്ക് മറുപടിയായി ദീപിക പദുക്കോണ്‍ പറഞ്ഞു.
ചരിത്രം വളച്ചൊടിക്കുന്നുവെന്ന് ആക്ഷേപിച്ച് സംഘപരിവാര്‍ സംഘടനകള്‍ ചിത്രത്തിന്റെ ചിത്രീകരണം തടസ്സപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. കൂടാതെ ചിത്രം നിരോധിക്കണമെന്ന ആവശ്യം സുപ്രീംകോടതി തളളി. അലഹബാദ് ഹൈക്കോടതിയും ഈ ആവശ്യം നിരസിച്ചു. ഇതിനിടെ സംഘപരിവാര്‍ സംഘടനകളെ പരോക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ് വിയും രംഗത്തെത്തി. സിനിമയെ സിനിമയായാണ് താന്‍ കാണുന്നതെന്നും അതില്‍ ചരിത്രവും ഭൂമിശാസ്ത്രവും ഉള്‍പ്പെടുത്താന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates