ചെന്നൈ: ഓൺലൈൻ ചൂതാട്ട പരസ്യങ്ങളിൽ അഭിനയിക്കുന്നതിന് താരങ്ങളെ വിമർശിച്ച് മദ്രാസ് ഹൈക്കോടതി. ഓൺലൈൻ സ്‌പോർട്‌സ് ആപ്പുകളുടെ പരസ്യത്തിൽ അഭിനയിച്ചതിന് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി, ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി, ചലച്ചിത്ര താരങ്ങളായ തമന്ന, പ്രകാശ് രാജ് എന്നിവർക്ക് കോടതി നോട്ടീസ് അയച്ചു.
ചൂതാട്ട ആപ്ലിക്കേഷനുകൾ വഴി പണം നഷ്ടപ്പെട്ട് സംസ്ഥാനത്ത് ചെറുപ്പക്കാർ ആത്മഹത്യ ചെയ്തതിനെ തുടർന്ന് അഭിഭാഷകൻ മുഹമ്മദ് റിസ്വി നൽകിയ പൊതുതാൽപര്യ ഹർജിയിലാണു നടപടി. ചൂതാട്ട ഗെയിമുകൾ ജനങ്ങൾക്കു മുന്നിൽ തെറ്റായ മാതൃക സൃഷ്ടിക്കുമെന്നും ജനങ്ങളുടെ വികാരം കൊണ്ടാണു കളിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ഹർജി ഈ മാസം 19നു വീണ്ടും പരിഗണിക്കും.
ചൂതാട്ട ഗെയിം പ്രോത്സാഹിപ്പിക്കുന്ന വിരാട് കോലിയെയും തമന്നയെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെടുന്ന മറ്റൊരു ഹർജി കോടതിയുടെ പരിഗണനയിലുണ്ട്. കോഹ്‌ലിയെയും തമന്നയെയും പോലുള്ള താരങ്ങളെ ഉപയോഗിച്ച് ഓൺലൈൻ ചൂതാട്ട കമ്പനികൾ യുവാക്കളെ സ്വാധീനിച്ച് ചൂതാട്ടത്തിന് പ്രേരിപ്പിക്കുകയാണെന്നും അതിനാൽ ഈ രണ്ട് താരങ്ങളെയും അറസ്റ്റ് ചെയ്യണമെന്നും ഹർജിയിൽ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
