

ന്യൂഡല്‍ഹി : രാജ്യത്തെ കംപ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും നിരീക്ഷിക്കാന്‍ അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. അഭിഭാഷകരായ മനോഹര്‍ ലാല്‍ ശര്‍മ്മ, അമിത് സാഹ്നി എന്നിവരാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവിനെതിരെ കോടതിയെ സമീപിച്ചത്. വ്യക്തിയുടെ സ്വകാര്യവിവരങ്ങള്‍ നിരീക്ഷിക്കാന്‍ വഴിയൊരുക്കുന്നതാണ് ഉത്തരവെന്ന് ഹര്‍ജിയില്‍ പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
ജനാധിപത്യവിരുദ്ധമായ ഉത്തരവ് റദ്ദാക്കണം എന്നാണ് അമിത് സാഹ്നി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ യുപിഎ സര്‍ക്കാര്‍ കാലത്ത് കൊണ്ടുവന്ന ചട്ടപ്രകാരം ഏജന്‍സികളെ ചുമതലപ്പെടുത്തുകയായിരുന്നെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. പത്ത് ഏജന്‍സികള്‍ക്കാണ് കംപ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും നിരീക്ഷിക്കാനുള്ള അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയത്.
ഈ ഏജന്‍സികള്‍ ആവശ്യപ്പെട്ടാല്‍ ഏതു വിവരവും നല്‍കാന്‍ ഇതോടെ ഇന്റര്‍നെറ്റ് സേവനദാതാക്കളും പൗരന്‍മാരും നിര്‍ബന്ധിതരാവും. ഇതോടൊപ്പം, പൗരന്‍മാരുടെ സ്വകാര്യതയില്‍ ഏതുവിധത്തിലും ഇടപെടാനും സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കഴിയുമെന്നാണ് വിമര്‍ശനം. എന്നാല്‍ രാജ്യസുരക്ഷയ്ക്കായാണ് കമ്പ്യൂട്ടറുകള്‍ നിരീക്ഷിക്കുന്നതെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വാദം. ഉത്തരവില്‍ ആശങ്ക വേണ്ട. എല്ലാ കമ്പ്യൂട്ടറും ഫോണും ചോര്‍ത്തില്ല, അതാതുകാലത്ത് രാജ്യസുരക്ഷ ഉറപ്പാക്കാന്‍ ചില ഏജന്‍സികളെ നിരീക്ഷണത്തിന് ചുമതലപ്പെടുത്താറുണ്ടെന്നും ആഭ്യന്തര മന്ത്രാലയം പറയുന്നു.
റോ, എന്‍ ഐ എ, സിബിഐ, ഇന്റലിജന്‍സ് ബ്യൂറോ, നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്റ്റ് ടാക്‌സസ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്, ഡയറക്ടറേറ്റ് ഓഫ് സിഗ്‌നല്‍ ഇന്റലിജന്‍സ് ( ജമ്മുകശ്മീര്‍, നോര്‍ത്ത് ഈസ്റ്റ്, ആസാം), തുടങ്ങി പത്തോളം ഏജന്‍സികള്‍ക്കാണ് പ്രത്യേക അധികാരം നല്‍കിയിട്ടുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates