കടലാസ് കക്ഷണം ഉയര്‍ത്തിക്കാണിച്ച് കോണ്‍ഗ്രസ് തെറ്റിദ്ധാരണ പരത്തുന്നുവെന്ന് രവിശങ്കര്‍ പ്രസാദ്; മാനനഷ്ടക്കേസ് നല്‍കുമെന്ന് യെദ്യൂരപ്പ 

വീണ്ടും കര്‍ണാടക മുഖ്യമന്ത്രിയാകുന്നതിന് ബി എസ് യെദ്യൂരപ്പ ബിജെപി കേന്ദ്രനേതൃത്വത്തിന് കോഴ നല്‍കി എന്ന കോണ്‍ഗ്രസ് ആരോപണം അടിസ്ഥാനരഹിതമെന്ന് ബിജെപി
കടലാസ് കക്ഷണം ഉയര്‍ത്തിക്കാണിച്ച് കോണ്‍ഗ്രസ് തെറ്റിദ്ധാരണ പരത്തുന്നുവെന്ന് രവിശങ്കര്‍ പ്രസാദ്; മാനനഷ്ടക്കേസ് നല്‍കുമെന്ന് യെദ്യൂരപ്പ 
Updated on
2 min read

ന്യൂഡല്‍ഹി: വീണ്ടും കര്‍ണാടക മുഖ്യമന്ത്രിയാകുന്നതിന് ബി എസ് യെദ്യൂരപ്പ ബിജെപി കേന്ദ്രനേതൃത്വത്തിന് കോഴ നല്‍കി എന്ന കോണ്‍ഗ്രസ് ആരോപണം അടിസ്ഥാനരഹിതമെന്ന് ബിജെപി. കളളങ്ങളില്‍ ഊന്നി കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 

നേരത്തെ ഈ ആരോപണം ഉയര്‍ന്നുവന്നപ്പോള്‍ തന്നെ ശാസ്ത്രീയ പരിശോധന നടത്തി തളളിയതാണ്. ഇത് ഇപ്പോള്‍ രാഷ്ട്രീയ നേട്ടത്തിനായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കൊണ്ടുവരുകയാണ്. ഒരു കടലാസ് കക്ഷണം ഉയര്‍ത്തിക്കാണിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

കോണ്‍ഗ്രസിന്റെ കര്‍ണാടക മന്ത്രി ഡി കെ ശിവകുമാറിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്ത രേഖയാണ് കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്നത്. ഇത് വസ്തുതാപരമാണ് എന്ന കാര്യത്തില്‍ ശിവകുമാറിന് പോലും ഉറപ്പുണ്ടാകുമെന്ന് താന്‍ കരുതുന്നില്ലെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. പരാജയഭീതി മൂലം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സമനില നഷ്ടപ്പെട്ടിരിക്കുകയാണ്. കോണ്‍ഗ്രസിലെ നിരവധി മുതിര്‍ന്ന നേതാക്കള്‍ ജാമ്യത്തില്‍ കഴിയുകയാണ്. വ്യാജമായ ആരോപണങ്ങള്‍ ഉന്നയിച്ച് നുണകളുടെ വല സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും രവിശങ്കര്‍ പ്രസാദ് ആരോപിച്ചു.

കോണ്‍ഗ്രസിന്റെ കോഴ ആരോപണം അസംബന്ധമാണെന്ന് ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ പ്രതികരിച്ചു.മോദിയുടെ ജനപ്രീതിയില്‍ കോണ്‍ഗ്രസ് അസ്വസ്ഥരാണ്. രേഖകള്‍ വ്യാജമാണെന്ന് ആദായനികുതി വകുപ്പ് ഇതിനോടകം തന്നെ തെളിയിച്ചതാണെന്നും യെദ്യൂരപ്പ പറഞ്ഞു. മുതിര്‍ന്ന അഭിഭാഷകരുമായി ആലോചിച്ച് മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു.

രേഖകള്‍ വ്യാജമാണെന്ന് ആരോപിച്ച് യെദ്യൂരപ്പയുടെ കൈപ്പടയും കയ്യൊപ്പും ബിജെപി കര്‍ണാടകഘടകം ട്വിറ്ററിലുടെ പുറത്തുവിട്ടു.രണ്‍ദീപ് സുര്‍ജേവാല പുറത്തുവിട്ട ഡയറിക്കുറിപ്പുകളും താരതമ്യത്തിനായി ബിജെപി ട്വിറ്ററില്‍ കൊടുത്തിട്ടുണ്ട്. ബിജെപി കേന്ദ്ര നേതൃത്വം കോഴ വാങ്ങി എന്ന ആരോപണം ഉന്നയിച്ച് സുര്‍ജേവാല മാധ്യമപ്രവര്‍ത്തകരുടെ സമയം വെറുതെ കളയുകയായിരുന്നുവെന്നും കര്‍ണാടക ഘടകം ആരോപിക്കുന്നു.

ബിജെപി കേന്ദ്രനേതൃത്വത്തിന് ലഭിച്ച കോഴപ്പണത്തിന്റെ വിവരം കാരവന്‍ മാഗസിനാണ് പുറത്തുവിട്ടത്. കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ ആദായ നികുതിയുടെ കസ്റ്റഡിയിലുള്ള ഡയറിയുടെ പകര്‍പ്പുകളാണ് പുറത്തുവന്നത്. വീണ്ടും കര്‍ണാടക മുഖ്യമന്ത്രിയാകുന്നതിന് വേണ്ടിയാണ് ഇത്രയും രൂപ കൈക്കൂലി നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ബിജെപി കേന്ദ്രനേതാക്കള്‍ക്ക് 1800 കോടി നല്‍കിയെന്നാണ് മാഗസിന്‍ വെളിപ്പെടുത്തിയത്. 2009 ജനുവരി 17,18 തീയതികളിലെ കുറിപ്പുകളാണ് പുറത്തുവന്നത്. എല്ലാ പേജുകളിലും യെദ്യൂരപ്പയുടെ ഒപ്പും ഉണ്ട്. ബിജെപി കേന്ദ്രനേതൃത്വത്തിന് 1000 കോടി നല്‍കി. അരുണ്‍ ജെയ്റ്റ് ലിക്കും നിതിന്‍ ഗഡ്കരിക്കും 150 കോടി വീതം നല്‍കി. രാജ് നാഥ് സിംഗിന് 100 കോടിയും, അദ്വാനിക്കും മുരളീമനോഹര്‍ ജോഷിക്കും 50 കോടി രൂപ വീതവും നല്‍കി. 

ഗഡ്കരിയുടെ മകന്റെ വിവാഹത്തിന് 10 കോടി നല്‍കി. ജഡ്ജിമാര്‍ക്ക് 250 കോടി നല്‍കിയതായും വക്കീലന്മാര്‍ക്ക് 50 കോടി നല്‍കിയതായും ഡയറിയില്‍ സൂചിപ്പിക്കുന്നു. കര്‍ണാടക നിയമസഭയുടെ 2009 ലെ ഡയറിയിലാണ് യെദ്യൂരപ്പ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുള്ളത്. യെദ്യൂരപ്പ സ്വന്തം കൈപ്പടയിലാണ് ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.  നേരത്തെ ഇതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി അനന്തകുമാറും യെദ്യൂരപ്പയും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ പുറത്തുവന്നിരുന്നു. 

ഹവാല ഇടപാടിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിക്കണം. ഡയറിയുടെ വിശ്വാസ്യതയില്‍ സംശയമില്ല. കാരണം ഡയറിയിലെ കുറിപ്പുകള്‍ യെദ്യൂരപ്പയുടെ സ്വന്തം കൈപ്പടയിലുള്ളതണെന്നും, ഓരോ പേജിലും യെദ്യൂരപ്പ ഒപ്പിട്ടിട്ടുണ്ടെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com