ന്യൂഡൽഹി: 2012ൽ കേരള തീരത്ത് രണ്ട് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ഇറ്റാലിയൻ നാവികർ വെടിവെച്ചു കൊന്ന സംഭവത്തിൽ ഇന്ത്യയ്ക്ക് വിജയം. സംഭവത്തിൽ ഇന്ത്യക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് അന്താരാഷ്ട്ര കോടതി വിധി പ്രഖ്യാപിച്ചു. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇറ്റാലിയൻ കപ്പലിലെ നാവികർ അടക്കമുള്ള ജീവനക്കാർ മുഖേന ഉണ്ടായ ജീവ നാശം, വസ്തു വകകൾക്ക് സംഭവിച്ച നഷ്ടം, ധാർമിക ക്ഷതം തുടങ്ങിയവയ്ക്ക് നഷ്ടപരിഹാരം ലഭിക്കാൻ ഇന്ത്യയ്ക്ക് അർഹതയുണ്ട്. നഷ്ടപരിഹാരം എന്തായിരിക്കണം എന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങളും ചർച്ച ചെയ്ത് തീരുമാനിക്കുകയും കരാർ ഉണ്ടാക്കുകയും വേണമെന്നും കോടതി വ്യക്തമാക്കി.
കടലിൽ ഇന്ത്യയുടെ യാത്രാ സ്വാതന്ത്ര്യം ഇറ്റാലിയൻ നാവികരായ സാൽവത്തോറെ ജിറോൺ, മാസിമിലിയാനോ ലാതോർ എന്നിവർ ലംഘിച്ചതായി കോടതി കണ്ടെത്തി. നാവികർക്കെതിരെ ഇന്ത്യയെടുത്ത നടപടി കോടതി ശരിവെച്ചു. നാവികരെ തടഞ്ഞുവച്ചതിന് നഷ്ടപരിഹാരം നൽകണമെന്ന ഇറ്റലിയുടെ അവകാശവാദം കോടതി തള്ളിയതായും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
2012 ഫെബ്രുവരി 15നാണ് കേരള തീരത്ത് ഇന്ത്യൻ സമുദ്രാതിർത്തിയിൽ മീൻ പിടിക്കുകയായിരുന്ന ബോട്ടിന് നേരെ ഇറ്റാലിയുടെ ചരക്ക് കപ്പലായ എൻ റിക ലെക്സിയിൽ സുരക്ഷയ്ക്ക് നിയോഗിച്ചിരുന്ന നാവികർ വെടിയുതിർത്തത്. സംഭവത്തിൽ നീണ്ടകര സ്വദേശികളായ സെലസ്റ്റിൻ വാലന്റൈൻ, രാജേഷ് പിങ്കി എന്നീ രണ്ട് മീൻപിടുത്തക്കാർ കൊല്ലപ്പെട്ടു. തുടർന്ന് തന്ത്രപരമായി കൊച്ചിയിലെത്തിച്ച കപ്പലിൽ നിന്ന് നാവികരെ അറസ്റ്റ് ചെയ്യുകയായിരുന്നു. കടൽക്കൊള്ളക്കാരെന്ന് തെറ്റിദ്ധരിച്ചാണ് വെടിവെച്ചതെന്നാണ് ഇറ്റലിയുടെ ഔദ്യോഗിക ഭാഷ്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates