കപില്‍ മിശ്രയല്ല, ആരായാലും നടപടി വേണം; ഡല്‍ഹി സംഘര്‍ഷത്തില്‍ ഗൗതം ഗംഭീര്‍

കപില്‍ മിശ്രയല്ല, ആരായാലും നടപടി വേണം; ഡല്‍ഹി സംഘര്‍ഷത്തില്‍ ഗൗതം ഗംഭീര്‍
കപില്‍ മിശ്രയല്ല, ആരായാലും നടപടി വേണം; ഡല്‍ഹി സംഘര്‍ഷത്തില്‍ ഗൗതം ഗംഭീര്‍
Updated on
1 min read

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അക്രമങ്ങളില്‍ ബിജെപി നേതാവ് കപില്‍ മിശ്രയെ തള്ളി പാര്‍ട്ടി എംപി ഗൗതം ഗംഭീര്‍. കപില്‍ മിശ്രയല്ല, ആരായാലും പ്രകോപനപരമായ വിധത്തില്‍ പ്രസംഗിച്ചിട്ടുണ്ടെങ്കില്‍ കടുത്ത നടപടി വേണമെന്ന് ഗംഭീര്‍ പറഞ്ഞു.

വ്യക്തികള്‍ ആരാണെന്നത് പ്രശ്‌നല്ലെന്ന് ഗംഭീര്‍ ചൂണ്ടിക്കാട്ടി. കപില്‍ മിശ്രയല്ല, ആരായാലും പ്രകോപരമായ വിധത്തില്‍ സംസാരിച്ചിട്ടുണ്ടെങ്കില്‍ നടപടി വേണം. ഏതു പാര്‍ട്ടിക്കാരനായാലും കടുത്ത നടപടിയാണ് ഇക്കാര്യത്തില്‍ വേണ്ടതെന്ന് ഗംഭീര്‍ അഭിപ്രായപ്പെട്ടു.

അതിനിടെ അക്രമം തടയാന്‍ അതിര്‍ത്തികള്‍ അടയ്ക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു. കരുതല്‍ തടങ്കല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

ജില്ലാ കലക്ടര്‍മാരോട് പൊലീസുമായി ചേര്‍ന്ന് സമാധാന മാര്‍ച്ച് നടത്താന്‍ നിര്‍ദേശിച്ചു. പ്രാദേശിക തലത്തില്‍ എംഎല്‍എമാരുടെ നേതൃത്വത്തില്‍ സമാധാന കമ്മിറ്റികള്‍ രൂപീകരിക്കും. സംഘര്‍ഷ ബാധിത മേഖലകളില്‍ ക്ഷേത്രങ്ങളിലും മസ്ജിദുകളിലും സമാധാന ആഹ്വാനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ആവശ്യത്തിന് പൊലീസില്ലെന്നും അദ്ദേഹം പറഞ്ഞു.

പരിക്കേറ്റുവരുന്നവര്‍ക്ക് കൃത്യമായ ചികിത്സ നടത്താന്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഘര്‍ഷ ബാധിത മേഖലകളില്‍ പൊലീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അഗ്‌നി രക്ഷാ സേനയ്ക്ക് നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. 56പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ എട്ടുപേരുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെയും മൗജ്പൂരിലും ബ്രഹ്മപുരിയിലും കല്ലേറുണ്ടായി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും യോഗത്തില്‍ പങ്കെടുക്കും.

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലാണ് കഴിഞ്ഞ ദിവസം രാത്രി സംഘര്‍ഷമുണ്ടായത്. ഇവര്‍ പര്‌സപരം കല്ലെറിയുകയും വാഹനങ്ങള്‍ക്കും കടകള്‍ക്കും തീയിടുകയുമായിരുന്നു.സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.

ഭജന്‍പുര, മൗജ്പുര്‍,ജാഫറബാദ് എന്നിവിടങ്ങളിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. പൗരത്വ നിയമ ഭേദഗതി വിഷയവുമായി ബന്ധപ്പെട്ട് 24 മണിക്കൂറിനിടെ ഡല്‍ഹിയിലുണ്ടാകുന്ന രണ്ടാമത്തെ സംഘര്‍ഷമാണിത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഡല്‍ഹിയിലേക്ക് എത്തുന്നതിന് മണിക്കൂറുകള്‍ മുമ്പായിരുന്നു സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. പ്രദേശത്ത് അര്‍ധ സൈനിക വിഭാഗത്തെ വിന്യസിച്ചു. ഡല്‍ഹി മെട്രോയുടെ ജാഫറാബാദ്, മൗജ്പുര്‍, ബാബര്‍പുര്‍, ഗോകുല്‍പുരി, ജോഹ്‌റി എന്‍ക്ലേവ്, ശിവ് വിഹാര്‍ സ്‌റ്റേഷനുകള്‍ അടച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com