

മുംബൈ: രാജ്യത്തെ നടുക്കിയ 2008ലെ 26/11 ഭീകരാക്രമണം നടത്തിയ ലഷ്‌കറെ തയിബ ഭീകരര്‍ തങ്ങള്‍ ഹിന്ദു തീവ്രവാദികളാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് മുന്‍ മുംബൈ പൊലീസ് കമ്മീഷണര്‍ രാകേഷ് മരിയ. പൊലീസ് പിടികൂടിയ ഭീകരന്‍ അജ്മല്‍ കസബിന്റെ കൈയില്‍നിന്ന് ബെംഗളൂരു വിലാസത്തില്‍ സമീര്‍ ചൗധരി എന്ന പേരിലുള്ള വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെടുത്തിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി. കസബ് വലതുകൈയില്‍ ചുവന്ന ചരട് കെട്ടിയതും തെറ്റിദ്ധാരണ സൃഷ്ടിക്കാനാണെന്ന് 'ലെറ്റ് മി സേ ഇറ്റ് നൗ' എന്ന തന്റെ പുസ്തകത്തില്‍ മരിയ പറയുന്നു.
പിടിയിലായ കസബിനെ ജയിലില്‍ കൊലപ്പെടുത്താന്‍ പാക് ചാരസംഘടനയായ ഐ.എസ്.ഐ.യും ലഷ്‌കറും ദാവൂദ് ഇബ്രാഹിം സംഘത്തിന്റെ സഹായം തേടിയിരുന്നു. അവര്‍ തയ്യാറാക്കിയ പദ്ധതി നടന്നിരുന്നെങ്കില്‍ സമീര്‍ ചൗധരിയെന്നപേരില്‍ അറിയപ്പെട്ട് കസബ് മരിക്കുമായിരുന്നു. മാധ്യമങ്ങള്‍ കസബിനെ ഹിന്ദു തീവ്രവാദിയാക്കി വാര്‍ത്തകളും കൊടുത്തേനെ. കസബിനെക്കുറിച്ച് ഒരു വിവരവും പുറത്തുവരാതിരിക്കാന്‍ മുംബൈ പൊലീസ് ശ്രദ്ധിച്ചിരുന്നെങ്കിലും കേന്ദ്ര ഏജന്‍സി അയാളുടെ ചിത്രം പുറത്തുവിട്ടു. വലതുകൈയില്‍ ചുവന്ന ചരട് കെട്ടിയിരുന്ന കസബിനെ പലരും അന്ന് ഹിന്ദു തീവ്രവാദിയായി തെറ്റിദ്ധരിക്കുകയുംചെയ്തുവെന്ന് മരിയ പറയുന്നു.
ഇന്ത്യയില്‍ മുസ്‌ലിങ്ങളെ നിസ്‌കരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ലഷ്‌കര്‍ ക്യാമ്പില്‍ കസബിനെ വിശ്വസിപ്പിച്ചിരുന്നു. എന്നാല്‍, മുംബൈയില്‍ മെട്രോ സിനിമയ്ക്കടുത്തുള്ള പള്ളിയില്‍ കസബിനെ കൊണ്ടുപോയപ്പോള്‍ മുസ്‌ലിങ്ങള്‍ അവിടെ നിസ്‌കരിക്കുന്നതുകണ്ട് അയാള്‍ ശരിക്കും ഞെട്ടി. മുംബൈയിലേക്ക് വിടുന്നതിനുമുമ്പ് കസബിന് ലഷ്‌കര്‍ 1.25 ലക്ഷം രൂപ നല്‍കി അവധിയും അനുവദിച്ചിരുന്നു. ആ പണം നാട്ടില്‍ സഹോദരിയുടെ വിവാഹാവശ്യത്തിന് നല്‍കിയശേഷമാണ് അയാള്‍ മുംബൈയിലേക്ക് വന്നതെന്നും മരിയ പുസ്തകത്തില്‍ പറയുന്നു.
2017ലാണ് രാകേഷ് വിരമിച്ചത്. 2008 നവംബര്‍ 26നാണ് അജ്മല്‍ കസബും ഒമ്പത് പാക് ഭീകരരും കടല്‍ കടന്ന് മുംബൈയിലെത്തി ആക്രമണം നടത്തിയത്. മൂന്നു ദിവസം തുടര്‍ച്ചയായി നടത്തിയ പോരാട്ടത്തിനൊടുവില്‍ 9 ഭീകരരെ സൈന്യം വധിച്ചു. ജീവനോടെ പിടികൂടിയ കസബിനെ 2012 നവംബര്‍ 21ന് തൂക്കിക്കൊന്നു. ഭീകരാക്രമണത്തില്‍ 166പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates