

ബംഗലൂരു: കര്‍ണാടകയില്‍ സഖ്യസര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി വീണ്ടും രാജി. ആനന്ദ് സിങ്ങിന് പിന്നാലെ മറ്റൊരു കോണ്‍ഗ്രസ് നേതാവായ രമേശ് ജാര്‍ക്കിഹോളിയും എംഎല്‍എ സ്ഥാനം രാജിവെച്ചു. ഇതോടെ നിയമസഭയില്‍ കോണ്‍ഗ്രസ് അംഗബലം 77 ആയി ചുരുങ്ങി. ഇനിയും കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കാള്‍ രാജിവെയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജാര്‍ക്കിഹോളി സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ രാജിവെയ്ക്കാനുളള കാരണത്തെ കുറിച്ച് വിശദമാക്കാന്‍ എംഎല്‍എ തയ്യാറായില്ല. കഴിഞ്ഞ കുറെ നാളുകളായി കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുകയാണ് ജാര്‍ക്കിഹോളി. മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതാണ് നേതൃത്വവുമായുളള അസ്വാരസ്യത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജാര്‍ക്കിഹോളിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സ്പീക്കറെ കണ്ടത് വലിയ വാര്‍ത്തയായിരുന്നു.
നേരത്തെ ബെല്ലാരി ജില്ലയിലെ വിജയാനഗര്‍ മണ്ഡലത്തിലെ എംഎല്‍എയായ ആനന്ദ് സിങ്ങാണ് രാജിവെച്ചത്. കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി സ്വകാര്യപരിപാടിയുമായി ബന്ധപ്പെട്ട് അമേരിക്കയിലാണ്.
രാജിവെച്ചതിന് പിന്നാലെ ഗവര്‍ണറെ കാണുമെന്ന് ആനന്ദ് സിങ് വ്യക്തമാക്കിയിരുന്നു. വാഗ്ദാനം ചെയ്ത മന്ത്രിസ്ഥാനം ലഭിക്കാത്തതിലുള്ള പ്രതിഷേധമായിട്ടാണ് ആനന്ദ് സിങ് രാജിവെച്ചതെന്നാണ് റിപ്പോര്‍ട്ട്. രണ്ടു തവണ മന്ത്രിസഭ പുനഃസംഘടിപ്പിച്ചപ്പോഴും അദ്ദേഹത്തെ പരിഗണിച്ചിരുന്നില്ല.അതേസമയം ആനന്ദ്‌സിങ് രാജിവെച്ച കാര്യം താന്‍ അറിഞ്ഞിട്ടില്ലെന്നായിരുന്നു സ്പീക്കറുടെ പ്രതികരണം. രാജിക്കത്ത് സ്വീകരിച്ചതായുളള റിപ്പോര്‍ട്ടുകളും അദ്ദേഹം തളളി.
ആനന്ദ് സിങ്ങിന് പിന്നാലെ ജാര്‍ക്കിഹോളിയും രാജിവെച്ചതോടെ കോണ്‍ഗ്രസിലെ വിമത ശല്യം രൂക്ഷമായതായാണ് സൂചന. മൂന്നുതവണ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട ആനന്ദ് സിങ് 2018 നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ബിജെപി വിട്ടാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 2008-13 കാലഘട്ടത്തില്‍ ബിജെപി സര്‍ക്കാരില്‍ ടൂറിസം മന്ത്രിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് എംഎല്‍എ രാജിവെച്ച കാര്യം വാര്‍ത്തകളിലൂടെയാണ് അറിഞ്ഞതെന്നാണ് ബിജെപി ഭാഷ്യം. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. സ്വന്തംനിലയില്‍ സര്‍ക്കാര്‍ താഴെ വീഴുകയാണെങ്കില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ മറ്റുവഴികള്‍ തേടുമെന്ന് ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates