കശ്മീരിലെ ദുരവസ്ഥയ്ക്ക് കാരണം പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരവാദം; മനുഷ്യാവകാശത്തെക്കുറിച്ച് വാചകമടിക്കണ്ട; ചുട്ട മറുപടിയുമായി ഇന്ത്യ

യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ കശ്മീരിനെക്കുറിച്ചുള്ള പാക് വാദങ്ങൾ തള്ളിക്കളഞ്ഞ് ഇന്ത്യ
കശ്മീരിലെ ദുരവസ്ഥയ്ക്ക് കാരണം പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരവാദം; മനുഷ്യാവകാശത്തെക്കുറിച്ച് വാചകമടിക്കണ്ട; ചുട്ട മറുപടിയുമായി ഇന്ത്യ
Updated on
2 min read

ജനീവ: യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ കശ്മീരിനെക്കുറിച്ചുള്ള പാകിസ്ഥാന്റെ വാദങ്ങൾ തള്ളിക്കളഞ്ഞ് ഇന്ത്യ. ഒരു വശത്ത് ഭീകരവാദം വളര്‍ത്തുന്ന പാകിസ്ഥാന്‍ തീര്‍ത്തും വ്യാജവും അടിസ്ഥാനരഹിതവുമായ കള്ളക്കഥകള്‍ മെനയുകയാണെന്ന് ഇന്ത്യ വ്യക്തമാക്കി. കശ്മീരില്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ താത്കാലികം മാത്രമാണെന്നും അവിടെ തെരഞ്ഞെടുപ്പ് അടക്കമുള്ള പ്രക്രിയകള്‍ വീണ്ടും തുടങ്ങാനിരിക്കുകയാണെന്നും ഇന്ത്യ വ്യക്തമാക്കി. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രമാണെന്ന് ഊന്നിപ്പറഞ്ഞ ഇന്ത്യ വിഷയത്തില്‍ മൂന്നാമതൊരു കക്ഷി ഇടപെടരുതെന്നും ശക്തമായി ആവശ്യപ്പെട്ടു. 

വിദേശകാര്യ മന്ത്രാലയത്തിലെ കിഴക്കന്‍ ഏഷ്യയുടെ ചുമതലയുള്ള സെക്രട്ടറി വിജയ് താക്കൂര്‍ സിങും പാകിസ്ഥാന്‍ പുറത്താക്കിയ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയയും ഉള്‍പ്പടെയുള്ള ഉന്നതതല സംഘമാണ് യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ പങ്കെടുത്തത്. വിജയ് താക്കൂര്‍ സിങാണ് ഇന്ത്യക്ക് വേണ്ടി കൗണ്‍സിലില്‍ പ്രസ്താവന നടത്തിയത്. 

കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ആശങ്കയുണ്ടെന്ന് യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ അധ്യക്ഷന്‍ മിഷേല്‍ ബാച്ചലെ പറഞ്ഞതിന് പിന്നാലെയാണ് ഇന്ന് കശ്മീര്‍ വിഷയം മനുഷ്യാവകാശ കൗണ്‍സിലില്‍ പാകിസ്ഥാന്‍ ഉന്നയിക്കുന്നതും ഇന്ത്യ മറുപടി പറയുന്നതും. ഇന്ത്യ കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തണമെന്ന് ബാച്ചലെ ആവശ്യപ്പെട്ടിരുന്നു. 

നേരത്തെ കശ്മീരില്‍ ഐക്യരാഷ്ട്രസഭയുടെ അടിയന്തര ഇടപെടല്‍ വേണമെന്നായിരുന്നു പാകിസ്ഥാന്റെ ആവശ്യം. യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ യോഗത്തില്‍ പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയാണ് ആവശ്യമുന്നയിച്ചത്.

അസം പൗരത്വ രജിസ്റ്റര്‍ സംബന്ധിച്ചും ഇന്ത്യ നിലപാട് വ്യക്തമാക്കി. തീര്‍ത്തും സുതാര്യവും വിവേചനരഹിതവുമായ നിയമപ്രക്രിയയാണ് പൗരത്വ രജിസ്റ്ററില്‍ നടന്നത്. ഇത് രാജ്യത്തെ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലാണ് നടന്നത്. ഇത് നടപ്പാക്കുന്നതിനുള്ള എല്ലാ ചട്ടങ്ങളും രാജ്യത്തെ ഭരണഘടനയും ജനാധിപത്യ കീഴ്‌വഴക്കങ്ങളും പ്രകാരമായിരിക്കുമെന്നും ഇന്ത്യ വ്യക്തമാക്കി.

കശ്മീരില്‍ മനുഷ്യാവകാശങ്ങള്‍ ചവിട്ടിമെതിയ്ക്കുകയാണെന്നും 80 ലക്ഷത്തോളം കശ്മീരികള്‍ സൈന്യത്തിന്റെ തടവറയിലാണെന്നുമുള്ള ആരോപണം പാക് മന്ത്രി ഉന്നയിച്ചു. ഇതിനിടെ, കശ്മീര്‍ ഇന്ത്യയുടെ ഭാഗം തന്നെയാണെന്നും ഖുറേഷി പറഞ്ഞു. ഇന്ത്യന്‍ സംസ്ഥാനമായ ജമ്മു കശ്മീര്‍ എന്ന് വിശേഷിപ്പിച്ചാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്.

കശ്മീരിലെ വ്യാപാരസ്ഥാനങ്ങളില്‍ ആവശ്യവസ്തുക്കള്‍ക്ക് ക്ഷാമം നേരിടുന്നതായും അടിയന്തര വൈദ്യസഹായം പോലും ലഭിക്കുന്നില്ലെന്നും ഖുറേഷി യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ആരോപിച്ചു. കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി നിയമവിരുദ്ധമാണെന്നും അത് ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രമല്ലെന്നും ആവര്‍ത്തിക്കുകയായിരുന്നു.

യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ത്യയുടെ പ്രസ്താവനയുടെ പൂര്‍ണ രൂപം

ജമ്മു കശ്മീരിന്റെ പദവി സംബന്ധിച്ച് ഇന്ത്യന്‍ പാര്‍ലമെന്റ് എടുത്ത തീരുമാനം തീര്‍ത്തും പുരോഗമനപരമാണ്. രാജ്യമൊട്ടുക്കുമുള്ള നിയമം ജമ്മു കശ്മീരിലും നടപ്പാക്കുകയാണ് തങ്ങള്‍ ചെയ്തത്. ലിംഗ നീതിയുടെ വിവേചനവും, ഭൂവുടമാവകാശവും, പ്രാദേശിക തെരഞ്ഞെടുപ്പിലെ പങ്കാളിത്തമില്ലായ്മയുമുള്‍പ്പടെ നിരവധി പ്രശ്‌നങ്ങള്‍ ജമ്മു കശ്മീരിന്റെ തനത് നിയമ ഘടനയിലുണ്ടായിരുന്നു. ഗാര്‍ഹിക പീഡനത്തിനെതിരായ നിയമവും, ശിശു സംരക്ഷണ നിയമങ്ങളും, വിവരാവകാശവും, ജോലി ചെയ്യാനുള്ള അവകാശവുമടക്കമുള്ള പല നിയമങ്ങളും ജമ്മു കശ്മീരില്‍ ബാധകമായിരുന്നില്ല. അവയെല്ലാം ബാധകമാക്കിക്കൊണ്ടാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. 

ജമ്മു കശ്മീരില്‍ അഭയാര്‍ത്ഥികളോടും പാര്‍ശ്വവത്കരിക്കപ്പെട്ടവരോടുമുള്ള വിവേചനം ഇതോടെ അവസാനിക്കും. ജമ്മു കശ്മീര്‍ നിയമഭേദഗതി പാര്‍ലമെന്റില്‍ പാസാക്കുന്നത് രാജ്യമെമ്പാടും സംപ്രേഷണം ചെയ്യപ്പെടുകയും രാജ്യത്തെ പൗരന്‍മാരെല്ലാവരും സ്വീകരിക്കുകയും ചെയ്തതാണ്. കശ്മീരുമായി ബന്ധപ്പെട്ട ഈ നിയമഭേദഗതി തീര്‍ത്തും രാജ്യത്തിന്റെ ആഭ്യന്തര വിഷയമാണ്, മറ്റ് നിയമങ്ങളെപ്പോലെത്തന്നെ. ഒരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ പുറത്തു നിന്ന് ഇടപെടല്‍ വരുന്നത് അനുവദിക്കാനാകില്ല. ഇന്ത്യ അത് ഒട്ടും അനുവദിക്കില്ല. 

എല്ലാ വെല്ലുവിളികളെയും നേരിട്ടുകൊണ്ട് ജമ്മു കശ്മീര്‍ ഭരണകൂടം നിലവില്‍ എല്ലാ അടിസ്ഥാന സൗകര്യങ്ങളും പൗരന്‍മാര്‍ക്ക് നല്‍കുന്നുണ്ട്. ജനാധിപത്യ പ്രക്രിയകള്‍ പുനരാരംഭിക്കാനിരിക്കുന്നു. ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ താത്കാലികം മാത്രമാണ്. അതിര്‍ത്തിയ്ക്ക് അപ്പുറത്തു നിന്നുള്ള തീവ്രവാദം നിയന്ത്രിക്കാനുള്ള മുന്‍കരുതലുകള്‍ മാത്രമാണ്. 

തീവ്രവാദത്തിന്റെ ഇരയായിരുന്നു എന്നും ഇന്ത്യ. ഭീകരവാദികളെ പണവും പിന്തുണയും കൊടുത്ത് വളര്‍ത്തുന്നവരാണ് മനുഷ്യാവകാശത്തിന്റെ യഥാര്‍ത്ഥ ലംഘകര്‍. ഇതിനെതിരെ ഇനി മിണ്ടാതിരുന്നിട്ട് കാര്യമില്ല. നിശ്ശബ്ദത തീവ്രവാദത്തെ വളര്‍ത്തുകയേയുള്ളൂ. തീവ്രവാദത്തെയും അവരെ പ്രോത്സാഹിപ്പിക്കുന്നവരെയും ഒറ്റപ്പെടുത്താന്‍ ലോകം ഒന്നിച്ചു നില്‍ക്കണം. 

മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി സംസാരിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. മനുഷ്യാവകാശത്തിന്റെ മറ പിടിച്ച് രാഷ്ട്രീയ അജണ്ടകള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയണം. മറുരാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്നവര്‍ അവനവന്റെ രാജ്യത്തെ ന്യൂനപക്ഷങ്ങളോട് എന്താണ് ചെയ്യുന്നതെന്ന് നോക്കണം. നുഴഞ്ഞുകയറുന്നവര്‍ തന്നെയാണിവിടെ ഇരയായി നടിക്കുന്നത്.

ഇന്ത്യക്കെതിരെ തീര്‍ത്തും വ്യാജ ആരോപണങ്ങളും അടിസ്ഥാനരഹിതമായ കുറ്റങ്ങളും ചാര്‍ത്താനാണ് മറ്റൊരു രാജ്യം ശ്രമിച്ചത്. ആഗോള തീവ്രവാദത്തെ നേരിടാന്‍ ലോകം ശ്രമിക്കുമ്പോള്‍ അതിന്റെ വക്താക്കളെ സംരക്ഷിക്കുന്ന രാജ്യമാണത്. അതിര്‍ത്തി കടന്നുള്ള തീവ്രവാദമാണ് അവരുടെ ബദല്‍ നയതന്ത്രം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com