

ശ്രീനഗർ: ജമ്മു കശ്മീരിലെ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് പൊലീസ്. ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലൂടെ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നിർത്തലാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ തുടർന്ന് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. ഇതിനാൽ ഇതുവരെ അപ്രതീക്ഷിത സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
ജമ്മുവിൽ സ്ഥിതി സമാധാനപരമായിരുന്നുവെന്നും അധികൃതർ പറഞ്ഞു. അധികൃതരുടെ നിർദേശപ്രകാരം ജമ്മു കാഷ്മീരിലെ സ്കൂളുകളും കോളജുകളും അടച്ചിട്ടിരിക്കുകയാണ്. ''സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. ശ്രീനഗർ ജില്ലയിൽ വൻ നിയന്ത്രണങ്ങളുണ്ട്. എവിടെയും അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല''- ശ്രീനഗർ ഡെപ്യൂട്ടി കമ്മീഷണർ ഷാഹിദ് ഇക്ബാൽ ചൗധരി പറഞ്ഞു.
കിഷ്ത്വാർ, രാജൗരി ജില്ലകളിലും രാംബാൻ ജില്ലയിലെ ബനിഹാൽ പ്രദേശത്തും അധികൃതർ കർഫ്യൂ ഏർപ്പെടുത്തി. ജമ്മുവിലെയും ശ്രീനഗറിലെയും പല ജില്ലകളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.
മണിക്കൂറുകൾ നീണ്ടുനിന്ന വാദപ്രതിവാദങ്ങൾക്കും ചർച്ചക്കും ശേഷമാണ് ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കുന്ന ബില്‍ രാജ്യസഭ പാസാക്കിയത്. 61 വോട്ടുകല്ക്കെതിരെ 125 വോട്ടുകള്‍ക്കാണ് സംസ്ഥാന പുനര്‍നിര്‍ണയ ബില്‍ പാസായത്. ഇതോടൊപ്പം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ കശ്മീരിന് പ്രത്യേക പദവി എടുത്തുകളയപ്പെട്ടു.
ചര്‍ച്ചാവേളയില്‍ ആര്‍ട്ടിക്കിള്‍ 370 വിഷയമാണ് കൂടുതല്‍ പരാമര്‍ശിക്കപ്പെട്ടത്. ആ അനുഛേദം കശ്മീരിന് വരുത്തിയത് വലിയ നഷ്ടങ്ങളാണ്. ഇത് റദ്ദാക്കിയതോടെ കശ്മീരിലെ രക്തച്ചൊരിച്ചിലിന് അവസാനമാകുമെന്നും അമിത് ഷാ ചര്‍ച്ചയില്‍ പറഞ്ഞു. ഭീകരതയുടെ അന്ത്യത്തിന് വഴിയൊരുക്കും. ശരിയായ സമയത്ത് ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ നല്‍കുന്നത് ആലോചിക്കുമെന്നും അദ്ദേഹം സഭയെ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates