

ന്യൂഡല്‍ഹി: കേരള-കര്‍ണാടക അതിര്‍ത്തിയില്‍ ബന്ദിപ്പുര്‍ വഴിയുള്ള രാത്രിയാത്രാനിരോധനത്തിനു പരിഹാരമായി മേല്‍പ്പാലം പണിയാന്‍ നിര്‍ദേശം. വന്യമൃഗങ്ങളുടെ സഞ്ചാരം തടസപ്പെടാതിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാത്രിയാത്രാ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരം മേഖലകളില്‍ എട്ടോ പത്തോ കിലോമീറ്റര്‍ നീളത്തില്‍ മേല്‍പ്പാത (എലിവേറ്റഡ് ഹൈവേ) നിര്‍മിക്കാമെന്നാണ് പുതിയ നിര്‍ദേശമെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
വന്യമൃഗങ്ങളുടെ സഞ്ചാരത്തിനു തടസ്സമുണ്ടാകാതിരിക്കാന്‍ കര്‍ണാടക ഹൈക്കോടതിയാണ് ഇതുവഴിയുള്ള രാത്രിയാത്ര തടഞ്ഞത്. ഇതുസംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ അന്തിമപരിഗണനയിലാണ്. തര്‍ക്കത്തിനു പരിഹാരം കാണാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടതുപ്രകാരം രൂപവത്കരിച്ച ഉന്നതസമിതിയാണ് എലിവേറ്റഡ് ഹൈവേ എന്ന നിര്‍ദേശം മുന്നോട്ടുവച്ചത്. ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയും നടത്തിയ കൂടിക്കാഴ്ചയില്‍, ഉന്നതസമിതിയുടെ അധ്യക്ഷന്‍കൂടിയായ കേന്ദ്രഗതാഗത സെക്രട്ടറി ഇക്കാര്യം അറിയിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
മേല്‍പ്പാത ചെലവേറിയതാണെങ്കിലും പ്രശ്‌നം പരിഹരിക്കാന്‍ എന്തുകൊണ്ട് അതായിക്കൂടാ എന്ന് മന്ത്രി ഗഡ്കരി അഭിപ്രായപ്പെട്ടു. ഈ നിര്‍ദേശം സ്വാഗതാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി. ഇക്കാര്യത്തില്‍ എന്തുചെയ്യാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണ്. രാത്രിയാത്രാ നിരോധനംമൂലം ഏറെ ബുദ്ധിമുട്ടുന്നത് മലയാളികളാണ്. പുതിയ നിര്‍ദേശം വിശദമായി ചര്‍ച്ചചെയ്യാന്‍ കേരളം ഒരുക്കമാണ്. ഇതിനായി കേന്ദ്രം ഇരുസംസ്ഥാനങ്ങളെയും പ്രത്യേകം ചര്‍ച്ചയ്ക്കു വിളിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മൈസൂര്‍ബന്ദിപ്പുര്‍വയനാട് പാതയില്‍ !(ദേശീയപാത 212) 28 കിലോമീറ്ററാണ് വന്യമൃഗ സങ്കേതത്തിലൂടെ കടന്നുപോകുന്നത്. ഇതില്‍ എട്ട്പത്ത് കിലോമീറ്ററിലാണ് കാട്ടുമൃഗങ്ങളുടെ സാന്നിധ്യം ഏറ്റവും കൂടുതല്‍. ഈ ഭാഗത്ത് മേല്‍പ്പാലം പണിയാമെന്ന നിര്‍ദേശമാണ് ഉന്നതസമിതി മുന്നോട്ടുവെക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates