ന്യൂഡൽഹി: കുടിവെള്ളവും ഭൂഗർഭജലവും പാഴാക്കുന്നതും ദുരുപയോഗം ചെയ്യുന്നതും ഇനി മുതൽ ഇന്ത്യയിൽ ശിക്ഷാർഹമായ കുറ്റം. ജൽശക്തി വകുപ്പിനു കീഴിലുള്ള സെൻട്രൽ ഗ്രൗണ്ട് വാട്ടർ അതോറിറ്റി(സിജിഡബ്ല്യൂഎ) ഇതുസംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. നിയമലംഘനം തടയാനുള്ള സംവിധാനം രൂപവത്കരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. ഇനി ദുരുപയോഗമോ പാഴാക്കലോ ഉണ്ടായാൽ അതിനെ നേരിടാനുള്ള മാർഗങ്ങൾ രൂപവത്കരിക്കാനും നിർദേശിക്കുന്നു.
പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ സെക്ഷൻ അഞ്ച് പ്രകാരമാണ് സിജിഡബ്ല്യൂഎ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. വിജ്ഞാപനത്തിന് വിരുദ്ധമായി പ്രവർത്തിച്ചാൽ ഒരുലക്ഷം രൂപ മുതൽ അഞ്ചുലക്ഷം രൂപ വരെ പിഴ ലഭിക്കുമെന്ന് ദേശീയ ഹരിത ട്രിബ്യൂണലിൽ രാജേന്ദ്ര ത്യാഗിയെ പ്രതിനിധീകരിച്ച അഭിഭാഷകൻ പറഞ്ഞു. തുടർച്ചയായ നിയമലംഘനം ഉണ്ടായാൽ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ സെക്ഷൻ 15 പ്രകാരം അധിക ഫൈൻ ചുമത്തും.
വെള്ളം പാഴാക്കുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടത് ജൽ ബോർഡ്, ജൽ നിഗം, മുനിസിപ്പൽ കോർപറേഷൻ, മുനിസിപ്പൽ കൗൺസിൽ, പഞ്ചായത്ത് തുടങ്ങി സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ജലവിതരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണെന്ന് വിജ്ഞാപനത്തിൽ പറയുന്നു. ഭൂഗർഭ ജലം പാഴാക്കുന്നതും ദുരുപയോഗം ചെയ്യുന്നതും ശിക്ഷ ലഭിക്കുന്ന കുറ്റമാക്കണം എന്ന് ആവശ്യപ്പെട്ട് രാജേന്ദ്ര ത്യാഗി എന്നയാൾ ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ വർഷം ഒക്ടോബർ അഞ്ചിന് ട്രിബ്യൂണൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഇതിനു പിന്നാലെയാണ് സിജിഡബ്ല്യൂഎയുടെ വിജ്ഞാപനം വന്നിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates