ബെംഗളൂരു: കര്‍ണാടകയിൽ രാഷ്ട്രീയപ്രതിസന്ധി തുടരുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ഇന്ന് രാജി വെച്ചേക്കും. രാവിലെ 11 ന് കുമാരസ്വാമി അടിയന്തര മന്ത്രിസഭായോഗം വിളിച്ചു. യോഗശേഷം കുമാരസ്വാമി ഗവർണറെ കണ്ട് രാജി നൽകിയേക്കുമെന്നാണ് അഭ്യൂഹം. ഇന്നലെ കുമാരസ്വാമി ജെഡിഎസ് അധ്യക്ഷൻ എച്ച് ഡി ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്തി. രാജിക്കാര്യവും ചർച്ചയായതായാണ് റിപ്പോർട്ട്.
അതിനിടെ ബിജെപിയെ പ്രതിരോധിക്കാൻ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാർ രൂപീകരിക്കാനുള്ള സാധ്യതയും ഇരുപാർട്ടികളും ആരായുന്നുണ്ട്. സർക്കാരുണ്ടാക്കാൻ കോൺഗ്രസിന് പിന്തുണ നൽകാൻ തയ്യാറാണെന്ന് ദേവഗൗഡ മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദിനെ അറിയിച്ചു. കോൺഗ്രസ് സർക്കാരുണ്ടാക്കുമ്പോൾ ഇടഞ്ഞുനിൽക്കുന്ന വിമത എംഎൽഎമാർ നിലപാട് മാറ്റുമെന്ന പ്രതീക്ഷയിലാണ് ഈ നീക്കം. അങ്ങനെയെങ്കിൽ മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെയെയാകും പരിഗണിക്കുകയെന്നും സൂചനയുണ്ട്.
വിധാൻ സൗധ പരിസരത്ത് പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചു. 14-ാം തീയതി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. അതിനിടെ മുംബൈയ്ക്ക് പോയ വിമത എംഎൽഎമാരിൽ ഒരാൾ ബംഗലൂരുവിൽ തിരിച്ചെത്തി. സോമശേഖര എന്ന എംഎൽഎയാണ് തിരിച്ചെത്തിയത്. അതേസമയം സ്പീക്കർക്കെതിരെ വിമത എംഎൽഎമാർ നൽകിയ ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. തങ്ങളുടെ രാജി അംഗീകരിക്കാതെ സ്പീക്കർ രമേഷ് കുമാർ തീരുമാനം നീട്ടിക്കൊണ്ടുപോകുന്നത് കുമാരസ്വാമി സർക്കാരിനെ നിലനിർത്താനുള്ള പരിശ്രമത്തിന്റെ ഭാഗമായാണെന്നാണ് വിമതർ ആരോപിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates