എംഎല്‍എമാര്‍ക്ക് കോടികളുടെ വാഗ്ദാനം : മുഖ്യമന്ത്രി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

ജനതാദൾ(എസ്) എം.എൽ.എ. നാഗനഗൗഡ കണ്ഡകൂറിന്റെ മകൻ ശരണഗൗഡയുമായി സംസാരിച്ചിട്ടുണ്ടെന്ന് യെദ്യൂരപ്പ സമ്മതിച്ചിരുന്നു
എംഎല്‍എമാര്‍ക്ക് കോടികളുടെ വാഗ്ദാനം : മുഖ്യമന്ത്രി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു
Updated on
1 min read

ബംഗളൂരു : കര്‍ണാടകയില്‍ കൂറുമാറാന്‍ ജനതാദള്‍ എസ് എംഎല്‍എയ്ക്ക് യെദ്യൂരപ്പ കോഴ വാഗ്ദാനം ചെയ്തുവെന്ന ആരോപണത്തില്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. കര്‍ണാടക നിയമസഭ സ്പീക്കറുടെ നിര്‍ദേശപ്രകാരമാണ് മുഖ്യമന്ത്രിയുടെ നടപടി. പ്രത്യേക സംഘത്തെ നിയോഗിക്കാനും അന്വേഷണം 15 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നും സ്പീക്കര്‍ കെ ആര്‍ രമേഷ് കുമാര്‍ നിര്‍ദേശം നല്‍കിയിരുന്നു. കൂറുമാറാന്‍ വന്‍തുക കോഴ വാഗ്ദാനം ചെയ്ത് ബിജെപി നേതാവ് യെദ്യൂരപ്പ ജെഡിഎസ് എംഎല്‍എയുടെ മകനുമായി സംസാരിച്ചെന്ന റിപ്പോര്‍ട്ടുകളിന്മേല്‍ അന്വേഷിക്കാനാണ് നിര്‍ദേശം.
 

ജനതാദൾ(എസ്) എം.എൽ.എ. നാഗനഗൗഡ കണ്ഡകൂറിന്റെ മകൻ ശരണഗൗഡയുമായി സംസാരിച്ചിട്ടുണ്ടെന്ന് യെദ്യൂരപ്പ സമ്മതിച്ചിരുന്നു. ദേവദുർഗയിലെ ഗസ്റ്റ് ഹൗസിൽവെച്ചാണ്‌ ശരണഗൗഡയുമായി സംസാരിച്ചതെന്നും സംഭാഷണം ‘റെക്കോഡ്’ ചെയ്തിരുന്നെന്നും യെദ്യൂരപ്പ ഹുബ്ബള്ളിയിൽ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. ‘റെക്കോഡ്’ ചെയ്തത്‌ തന്റെ അറിവോടെയാണ്. എന്നാൽ, സംഭാഷണത്തിലെ പ്രധാന ഭാഗങ്ങൾ ഒഴിവാക്കിയാണ്‌ ശബ്ദരേഖ പുറത്തുവിട്ടിരിക്കുന്നത്. 

ഇതിനുപിന്നിൽ മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഗൂഢാലോചനയാണെന്നും യെദ്യൂരപ്പ ആരോപിച്ചു. ‘‘ശരണഗൗഡയുമായി സംസാരിച്ചെന്നത്‌ സത്യമാണ്. എന്നാൽ പുറത്തുവിട്ട ശബ്ദരേഖ സംഭാഷണത്തിന്റെ പൂർണരൂപമല്ല. സ്പീക്കർ രമേശ്കുമാറിന് 50 കോടി വാഗ്ദാനം ചെയ്തെന്നത് സത്യവിരുദ്ധമാണ്. രമേശ് കുമാർ സത്യസന്ധനായ നേതാവാണ്’’- യെദ്യൂരപ്പ പറഞ്ഞു.

ജനതാദൾ എം.എൽ.എ. നാഗനഗൗഡ കണ്ഡകൂറിനെ കൂറുമാറ്റാൻ പത്തുകോടി രൂപയും മന്ത്രിപദവിയും വാഗ്ദാനംചെയ്തെന്നാണ് കോൺഗ്രസ് ആരോപിച്ചിരുന്നത്. തെളിവായി ശബ്ദരേഖയും പുറത്തുവിട്ടിരുന്നു.സത്യം സമ്മതിച്ചതിന് യെദ്യൂരപ്പയോട് നന്ദിയുണ്ടെന്നും ജനങ്ങൾക്ക് കാര്യങ്ങൾ മനസ്സിലായെന്നും കോൺഗ്രസ് നേതാവും മന്ത്രിയുമായ ഡി.കെ. ശിവകുമാർ പറഞ്ഞു. സത്യം സമ്മതിച്ച സാഹചര്യത്തിൽ യെദ്യൂരപ്പ രാഷ്ട്രീയജീവിതം അവസാനിപ്പിക്കുന്നതാണു നല്ലതെന്നു മുൻമുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

ശബ്ദരേഖയിലുള്ളത്‌ തന്റെ ശബ്ദമല്ലെന്നും സംസ്ഥാനസർക്കാരിനെ വീഴ്ത്താൻ ഭരണപക്ഷ അംഗങ്ങളുമായി സംസാരിച്ചിട്ടില്ലെന്നുമാണ്‌ യെദ്യൂരപ്പ ആദ്യം പറഞ്ഞിരുന്നത്. തന്റെ ശബ്ദമാണെന്ന്‌ തെളിയിച്ചാൽ രാഷ്ട്രീയജീവിതം അവസാനിപ്പിക്കുമെന്നും പ്രസ്താവിച്ചിരുന്നു. ശബ്ദരേഖയിലെ ശബ്ദം തന്റേതുതന്നെയെന്ന്‌ യെദ്യൂരപ്പ സമ്മതിച്ചതോടെ ബി.ജെ.പി വെട്ടിലായി. ശരണഗൗഡയുമായി സംസാരിച്ചത്‌ സമ്മതിച്ചസ്ഥിതിക്ക് യെദ്യൂരപ്പ രാജിവെച്ച് വാഗ്ദാനം പാലിക്കണമെന്ന്‌ കോൺഗ്രസ് നേതാക്കളായ സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും ആവശ്യപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com