

ന്യൂഡല്‍ഹി: കശ്മീരിനുള്ള പ്രത്യേകാവകാശം എടുത്തുകളഞ്ഞു സംസ്ഥാനത്തെ രണ്ടായി വിഭജിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിക്കു പിന്തുണയുമായി കൂടുതല്‍ നേതാക്കള്‍. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ മൗനം പാലിക്കുന്നതിനിടയിലാണ് ജനാര്‍ദന്‍ ദ്വിവേദി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ കേന്ദ്ര നടപടിയെ പിന്തുണച്ചു രംഗത്തുവന്നത്. ഭിന്നത രൂക്ഷമായ പശ്ചാത്തലത്തില്‍ പാര്‍ട്ടി ഇന്നു വൈകിട്ട് അടിയന്തരമായി പ്രവര്‍ത്തക സമിതി യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.
കശ്മീരിലെ കേന്ദ്ര നടപടിയെ രാജ്യസഭയില്‍ ഏറ്റവും ശക്തമായി എതിര്‍ത്തത് കോണ്‍ഗ്രസാണ്. പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് രൂക്ഷ വിമര്‍ശനമാണ് കേന്ദ്രത്തിനെതിരെ നടത്തിയത്. മുതിര്‍ന്ന നേതാവ് പി ചിദംബരവും കടുത്ത വിമര്‍ശനവുമായി രംഗത്തുവന്നു. ഇതിനു പിന്നാലെയാണ് പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ച് കൂടുതല്‍ കേന്ദ്രനടപടിയെ പിന്തുണച്ചത്.
കശ്മീരിലെ കേന്ദ്ര നടപടിയെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ച് അസമില്‍നിന്നുള്ള മുതിര്‍ന്ന അംഗവും രാജ്യസഭയിലെ വിപ്പുമായ ഭുവനേശ്വര്‍ കലിത പാര്‍ട്ടിയില്‍നിന്നു രാജി പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് ആത്മഹത്യ ചെയ്യുകയാണ് എന്നു കുറ്റപ്പെടുത്തിയാണ്, കലിത രാജി പ്രഖ്യാപിച്ചത്.
ഇതിനു പിന്നാലെ സോണിയ ഗാന്ധിയോട് അടുപ്പം പുലര്‍ത്തുന്ന സീനിയര്‍ നേതാവ് ജനാര്‍ദന്‍ ദ്വിവേദി സര്‍ക്കാരിനു പിന്തുണ അറിയിച്ചു. ഹരിയാണയിലെ യുവനേതാവ് ദീപേന്ദര്‍ ഹൂഡ, അദിതി സിങ് മുന്‍ എം.പി. ജ്യോതി മിര്‍ദ തുടങ്ങിയവരും കോണ്‍ഗ്രസ് നിലപാടിനെ വിമര്‍ശിച്ചും കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിച്ചും രംഗത്തെത്തി.
ചരിത്രപരമായ ഒരു തെറ്റ് ഇപ്പോള്‍ തിരുത്തിയെന്നായിരുന്നു വാര്‍ത്താ ഏജന്‍സിയോടു ജനാര്‍ദന്‍ ദ്വിവേദിയുടെ പ്രതികരണം. തന്റെ രാഷ്ട്രീയ ഗുരുവമായ റാം മനോഹര്‍ ലോഹ്യ ഉള്‍പ്പെടെയുള്ളവര്‍ ആര്‍ട്ടിക്കിള്‍ 370ന് എതിരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. റായ്ബറേലി സദറിലെ കോണ്‍ഗ്രസ് എം.എല്‍.എ. അദിതി സിങും കേന്ദ്രനടപടിയെ അഭിനന്ദിച്ച് രംഗത്തെത്തി. ഇന്ത്യയെ ഒരുമിപ്പിക്കാനുള്ള നടപടിയില്‍ കേന്ദ്രത്തെ അഭിനന്ദിക്കണമെന്നും ഇതിനെ എതിര്‍ക്കുന്നതില്‍ കാര്യമില്ലെന്നുമായിരുന്നു മുന്‍ എം.പി.യായ ജ്യോതി മിര്‍ദയുടെ പ്രതികരണം.
കശ്മീരിലെ കേന്ദ്ര നടപടി ഫലത്തില്‍ കോണ്‍ഗ്രസിനെ രണ്ടാക്കിയിരിക്കുന്നുവെന്നാണ് പാര്‍ട്ടിയിലെ ഉന്നത വൃത്തങ്ങള്‍ തന്നെ പറയുന്നത്. രാഹുല്‍ ഗാന്ധി രാജിവച്ചതിനു ശേഷം നേതൃത്വത്തില്‍ ആളില്ലാതെ പോയത് കൃത്യമായ നിലപാടു രൂപീകരിക്കുന്നതില്‍ തടസമാവുന്നുണ്ടെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. കശ്മീരിലെ കേന്ദ്രനടപടിയുടെ പശ്ചാത്തലത്തില്‍ ഇന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി വിളിച്ചുചേര്‍ത്തിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates