

ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭയുടെ സമ്മേളനം തുടങ്ങിയിട്ടും കോണ്‍ഗ്രസിന്റെ കക്ഷി നേതാവ് ആര് എന്നതില്‍ ധാരണയായില്ല. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ അനൗപചാരിക ചര്‍ച്ചകള്‍ നടക്കുന്നതായാണ് സൂചന. ഒന്നോ രണ്ടോ ദിവസത്തിനകം സഭാകക്ഷി നേതാവ് ആരെന്ന കാര്യത്തില്‍ തീരുമാനമുണ്ടാവുമെന്ന് ഉന്നതവൃത്തങ്ങള്‍ പറഞ്ഞു.
സഭാ സമ്മേളനം തുടങ്ങുന്നതിനു മുമ്പായി സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ലോക്‌സഭയില്‍നിന്ന് കൊടിക്കുന്നില്‍ സുരേഷും അധീര്‍ രഞ്ജന്‍ ചൗധരിയുമാണ് പങ്കെടുത്തത്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദിനൊപ്പമായിരുന്നു ഇരുവരും എത്തിയത്. ഇതോടെ കൊടിക്കുന്നിലോ ചൗധരിയോ ആയിരിക്കും ലോക്‌സഭയില്‍ കോണ്‍ഗ്രസിന്റെ നേതാവ് എന്ന പ്രചാരണം ശക്തമായി. എന്നാല്‍ നേതാക്കള്‍ക്ക് ഇതുസംബന്ധിച്ച വ്യക്തത ഇനിയും ആയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലോക്‌സഭയില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും സീനിയര്‍ നേതാക്കളില്‍ ഒരാളാണ് കൊടിക്കുന്നില്‍ സുരേഷ്. കൊടിക്കുന്നിലിനെ സഭാകക്ഷി നേതാവായി രാഹുല്‍ ഗാന്ധി പരിഗണിക്കുന്നതായി നേരത്തെ സൂചനകളുണ്ടായിരുന്നു. തിരുവനന്തപുരം എംപി ശശി തരൂരിന്റെപേരും ഇതിനൊപ്പം ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. മനീഷ് തിവാരിയാണ് പരിഗണിക്കപ്പെടുന്ന മറ്റൊരാള്‍.
രാഹുല്‍ ഗാന്ധി തന്നെ ലോക്‌സഭയില്‍ കോണ്‍ഗ്രസിനെ നയിക്കണമെന്ന വികാരം പാര്‍ട്ടിയില്‍ ശക്തമാണ്. എന്നാല്‍ പാര്‍ട്ടി അധ്യക്ഷപദത്തില്‍നിന്നു രാജി പ്രഖ്യാപിച്ച രാഹുല്‍ സഭാകക്ഷി നേതൃസ്ഥാനവും ഏറ്റെടുക്കാന്‍ ഇടയില്ലെന്നാണ് സൂചനകള്‍. കഴിഞ്ഞ സഭയില്‍ മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയായിരുന്നു കോണ്‍ഗ്രസിന്റെ കക്ഷിനേതാവ്. ഇക്കുറി അദ്ദേഹം തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയായിരുന്നു.
സമ്മേളനത്തിന്റെ ആദ്യ രണ്ടു ദിനം അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ്. അതിനു ശേഷം സ്പീക്കര്‍ തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങളിലേക്കു കടക്കുന്നതിനു മുമ്പായി സഭാ നേതാവിനെ നിശ്ചയിക്കും എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. പല പ്രതിപക്ഷ കക്ഷികളും സഭാനേതാവിനെ നിശ്ചയിച്ചിട്ടില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം പ്രതിപക്ഷത്തെ പാര്‍ട്ടികള്‍ സഭാനേതാവിനെ നിശ്ചയിക്കാന്‍ വൈകുന്നത് പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനത്തില്‍ ഏകോപനമില്ലാത്ത സാഹചര്യം ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട സമീപനം ചര്‍ച്ച ചെയ്യാന്‍ യോഗം ചേരാന്‍ പോലും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. കക്ഷിനേതാവിനെ തെരഞ്ഞെടുത്തതിനു ശേഷം ഇത്തരമൊരു യോഗം നടന്നേക്കുമെന്നാണ് സൂചനകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates