ന്യൂഡൽഹി : ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ കൊടുംകുറ്റവാളി വികാസ് ദുബെ അറസ്റ്റിൽ. ഉജ്ജെയ്നിൽ നിന്നുമാണ് ഇയാളെ പൊലീസ് പിടികൂടിയതെന്നാണ് റിപ്പോർട്ട്. വികാസ് ദുബെയ്ക്കായി യു പി പൊലീസ് ഉത്തരേന്ത്യ ഒട്ടാകെ കർശന പരിശോധനയാണ് നടത്തിയവന്നിരുന്നത്.
കഴിഞ്ഞദിവസം പൊലീസിന്റെ പിടിയിൽ നിന്നും വികാസ് ദുബെ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. ഹരിയാനയിലെ ഫരീദാബാദിലെ ബാദ്കല്‍ ചൗക്ക് ഏരിയയിലെ ഒരു ഹോട്ടലില്‍ വികാസ് ദുബെ ഒളിവില്‍ താമസിച്ചിരുന്നുവെന്ന് പൊലീസ്. വിവരം അറിഞ്ഞ പൊലീസ് റെയ്ഡിനെത്തുന്നതിന് തൊട്ടുമുമ്പ് ഇയാള്‍ കടന്നുകളയുകയായിരുന്നു.
അതിനിടെ വികാസ് ദുബെയുടെ രണ്ട് അനുയായികളായ കുറ്റവാളികളെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. പ്രഭാത് മിശ്ര, ബഹുവ ദുബൈ എന്നിവരെയാണ് വെടിവെച്ചുകൊന്നത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇവരെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. ഇന്നലെ വികാസിന്റെ ഏറ്റവും അടുത്ത അനുയായി അമര്‍ ദുബെയെ പൊലീസ് കൊലപ്പെടുത്തിയിരുന്നു.
കൊടും ക്രിമിനല്‍ വികാസ് ദുബെയെ പിടികൂടുന്നതിനുള്ള പാരിതോഷികം 5 ലക്ഷം രൂപയായി യുപി പൊലീസ് ഉയർത്തിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ദുബെയെ പിടികൂടുന്നതിനായി കാൺപുരിലെ ഗ്രാമത്തിലെത്തിയ പൊലീസ് സംഘത്തിലെ ഡിഎസ്പി ദേവേന്ദ്രകുമാർ മിശ്ര അടക്കം എട്ട് ഉദ്യോഗസ്ഥരെയാണ് ദുബെയും സംഘവും വെടിവെച്ച് കൊലപ്പെടുത്തിയത്.
ദുബെയെ പിടിക്കുന്നതിനായി പൊലീസ് സംഘം കാൺപൂരിലെ ഗ്രാമത്തിലെത്തിയപ്പോൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡ് തടസപ്പെടുത്തി. ഇതോടെ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ പൊലീസ് സംഘത്തിന് നേർക്ക് കെട്ടിടത്തിന് മുകളിൽ ഒളിച്ചിരിക്കുകയായിരുന്ന ദുബെയും സംഘം വെടിയുതിർക്കുകയായിരുന്നു. കൊലപാതക കേസുകൾ ഉൾപ്പെടെ 60 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് വികാസ് ദുബെയെന്ന് പൊലീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates