ന്യൂഡല്‍ഹി: രാജ്യത്ത് പടര്‍ന്നു പിടിക്കുന്ന കൊറോണ ഭീഷണിയെതുടര്‍ന്ന ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ അടച്ചു. മാര്‍ച്ച് 31 വരെയാണ് അടച്ചത്. കേന്ദ്ര പുരാവസ്തുവകുപ്പിന് കീഴിലുള്ള എല്ലാ ചരിത്രസ്മാരകങ്ങളും അടച്ചിടാന്‍ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം തീരുമാനിച്ചു. ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം വരുംവരെ സ്മാരകങ്ങളെല്ലാം അടച്ചിട്ടേക്കുമെന്നും റി്‌പ്പോര്‍ട്ടുകള്‍ ഉണ്ട്.
കോവിഡ് 19 പകരുന്ന സാഹചര്യത്തില്‍ കേന്ദ്രം നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടയ്ക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം നല്‍കി. മാളുകളും സ്വിമ്മിങ് പൂളുകളും ജിമ്മുകളും അടച്ചിടണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി ലവ് അഗര്‍വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. മാര്‍ച്ച് 31വരെ അടച്ചിടാനാണ് നിര്‍ദേശം. പൊതുഗതഗാത സംവിധാനം പരമാവധി ഒഴിവാക്കണം. ഇനിയുള്ള ഒരാഴ്ച അതിപ്രധാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
സ്ഥാപനങ്ങള്‍ തൊഴിലാളികളെ വീട്ടിലിരുന്ന ജോലി ചെയ്യാന്‍ അനുവദിക്കണം. ആളുകള്‍ തമ്മില്‍ ഒരു മീറ്റര്‍ അകലം പാലിക്കണം.
യുഎഇ, ഖത്തര്‍, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്ന് വരുന്നവരെ 14 ദിവസം നിരീക്ഷണത്തില്‍ വെയ്ക്കും. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍, തുര്‍ക്കി, ബ്രിട്ടണ്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി.
ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് വിനോദ സഞ്ചാരികള്‍ വന്നു പോകുന്ന സ്ഥലം എന്ന നിലയിലാണ് അടച്ചിടാനുള്ള തീരുമാനം കൈക്കൊണ്ടത്. മാര്‍ച്ച് അവസാനം വരെ താജ്മഹാല്‍ അടച്ചിടാന്‍ ഉത്തരവിടണമെന്ന് ആഗ്രയുടെ മേയര്‍ നവീന്‍ ജയിന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി താജ് മഹലിന് പുറമെ രാജ്യത്തിലുടനീളമുള്ള മറ്റ് സ്മാരകങ്ങളും അടച്ചിടണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു.
താജ് മഹല്‍ അടച്ചുപൂട്ടിയത് രാജ്യത്തെ ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവാണ് താജ് മഹലിന്റെ പീക്ക് സീണണായി അറിയപ്പെടുന്നത്. ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ടൂറിസ്റ്റുകള്‍ ഈ സമയം ഇവിടേക്ക് ഒഴുകിയെത്തുന്നു. ലക്ഷങ്ങളുടെ വരുമാനമാണ് ഇതിലൂടെ ലഭിക്കുന്നത്. താല്‍ക്കാലികമായിട്ടാണ് അടയ്ക്കുന്നതെങ്കിലും അത് വരുത്തിവയ്ക്കുന്ന നഷ്ടം വലുതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates