

കൊൽക്കത്ത: പശ്ചിമബംഗാളിലെ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് കൊൽക്കത്ത സിറ്റി പൊലീസ് കമ്മീഷണർ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനുള്ള സംഘത്തെ സിബിഐ നിയോഗിച്ചു. ഡിഎസ്പി തഥാഗത ബർധന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സിബിഐ സംഘമാണ് രാജീവ് കുമാറിനെ ചോദ്യം ചെയ്യുക. വെള്ളിയാഴ്ച മേഘാലയയിലെ ഷില്ലോംഗിൽ ചോദ്യംചെയ്യൽ നടക്കുമെന്നാണ് സൂചന.
ശാരദാ, റോസ്വാലി ചിട്ടിതട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് തെളിവുകൾ ശേഖരിക്കുന്നതിനാണ് രാജീവ് കുമാറിനെ സിബിഐ ചോദ്യം ചെയ്യുന്നത്. കേസ് നേരത്തെ അന്വേഷിച്ചിരുന്ന പ്രത്യേക സംഘത്തിന്റെ തലവനായിരുന്നു രാജീവ് കുമാർ. എന്നാൽ കേസിലെ സുപ്രധാന തെളിവുകളായ ഡയറി, പെൻഡ്രൈവ് തുടങ്ങിയവ രാജീവ് കുമാർ പ്രധാന പ്രതിയിൽ നിന്നും പിടിച്ചെടുത്തിരുന്നു. എന്നാൽ ഈ തെളിവുകൾ സിബിഐക്ക് കൈമാറാതെ മുക്കിയെന്നാണ് സിബിഐ ആരോപിക്കുന്നത്.
തട്ടിപ്പുമായി ബന്ധമുള്ള തൃണമൂൽ കോൺഗ്രസ് നേതാക്കളെ രക്ഷിക്കുന്നതിന് വേണ്ടിയാണ് രാജീവ് കുമാർ തെളിവുകൾ നശിപ്പിക്കാൻ കൂട്ടുനിന്നതെന്നും സിബിഐ വാദിക്കുന്നു. രാജീവ് കുമാറിനെ ചോദ്യം ചെയ്യണമെന്ന സിബിഐയുടെ ആവശ്യം സുപ്രിം കോടതി അംഗീകരിച്ചെങ്കിലും അറസ്റ്റ് അടക്കമുള്ള നടപടികൾ കോടതി വിലക്കിയിട്ടുണ്ട്. സംസ്ഥാനത്തെ സംഘർഷാവസ്ഥ പരിഗണിച്ച് നിഷ്പക്ഷ സ്ഥലമായ മേഘാലയയിലെ ഷില്ലോംഗിൽ വെച്ച് ചോദ്യം ചെയ്യാമെന്നാണ് കോടതി നിർദേശിച്ചിട്ടുള്ളത്.
കൊൽക്കത്ത പൊലീസ് കമ്മീഷണർ രാജീവ് കുമാറിനെ കസ്റ്റഡിയിലെടുക്കാൻ ഞായറാഴ്ച വൈകീട്ട് എത്തിയ സിബിഐ സംഘത്തെ പൊലീസ് തടഞ്ഞ് കസ്റ്റഡിയിലെടുത്തതോടെയാണ് കേന്ദ്രവും ബംഗാൾ സർക്കാരും തമ്മിൽ ഏറ്റമുട്ടലിലേക്ക് എത്തിയത്. ഇതിന് പിന്നാലെ മുഖ്യമന്ത്രി മമത ബാനർജി പ്രതിഷേധ ധർണ നടത്തുകയും ചെയ്തു. ഇതേത്തുടർന്ന് സംസ്ഥാന സർക്കാരിന്റെ നിലപാടിനെതിരെ സിബിഐ സുപ്രിംകോടതിയിൽ ഹർജി നൽകുകയായിരുന്നു. പൊലീസിന്റെ നടപടി കോടതി അലക്ഷ്യമാണെന്നും സിബിഐ വാദിച്ചു. കോടതി അലക്ഷ്യ കേസിൽ കോടതി സർക്കാരിനും പൊലീസിനും നോട്ടീസ് അയച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates