കോണ്‍ഗ്രസില്‍ അടിമുടി മാറ്റം വരുന്നു; രാഹുല്‍ കാണിച്ചത് രാജ്യത്തിന് മാതൃക: കെസി വേണുഗോപാല്‍

അധ്യക്ഷ പദവി  ഒഴഞ്ഞ് രാഹുല്‍ കാട്ടിയത് മാതൃകപരമായ തീരുമാനമാണെന്ന്  കെസി വേണുഗോപാല്‍
കോണ്‍ഗ്രസില്‍ അടിമുടി മാറ്റം വരുന്നു; രാഹുല്‍ കാണിച്ചത് രാജ്യത്തിന് മാതൃക: കെസി വേണുഗോപാല്‍
Updated on
1 min read

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ അടിമുടി മാറ്റമുണ്ടാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. അധ്യക്ഷ പദവി  ഒഴഞ്ഞ് രാഹുല്‍ ഗാന്ധി കാട്ടിയത് മാതൃകപരമായ തീരുമാനമാണെന്ന്  കെസി വേണുഗോപാല്‍ പറഞ്ഞു. 

രാഹുല്‍ ഗാന്ധി കാണിച്ചത് രാജ്യത്തിന് തന്നെ മാതൃകയാണ്. കോണ്‍ഗ്രസിനെ അടിമുടി മാറ്റാനുള്ള അധികാരം രാഹുലിന് നല്‍കിയിട്ടുണ്ട്. അത് ഇപ്പോഴും നിലനില്‍ക്കുകയാണ്. അടുത്തപ്രസിഡന്റു വരുന്നത് വരെ തുടരുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ എല്ലാ മേഖലയിലും അടിമുടി മാറ്റമുണ്ടാകുന്നത് പാര്‍ട്ടിക്ക് ഏറെ ഗുണകരമാകുമെന്നും വേണുഗോപാല്‍ പറഞ്ഞു. 

ഒരുമാസത്തിലേറെ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ രാഹുല്‍ ഗാന്ധി ഇന്നലെയാണ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു പിന്നാലെ മേയ് 25നു പാര്‍ട്ടിയധ്യക്ഷസ്ഥാനമൊഴിയുന്നതായി രാഹുല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയെ അറിയിച്ചിരുന്നു. എന്നാല്‍, അനുനയത്തിലൂടെയും സമ്മര്‍ദത്തിലൂടെയും അദ്ദേഹത്തെ പിന്തിരിപ്പിക്കാനായിരുന്നു മുതിര്‍ന്ന നേതാക്കള്‍ ശ്രമം നടത്തിയിരുന്നു

രാജിതീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാനഘടകങ്ങള്‍ പ്രമേയം പാസാക്കുകയും ഒട്ടേറെ നേതാക്കള്‍ പാര്‍ട്ടിപദവികള്‍ രാജിവെക്കുകയും പ്രവര്‍ത്തകര്‍ എ.ഐ.സി.സി. ആസ്ഥാനത്തിനു പുറത്തു കുത്തിയിരിക്കുകയും ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ കഴിഞ്ഞ ദിവസം രാഹുലിനെ കണ്ടെങ്കിലും രാജിതീരുമാനം മാറ്റാന്‍ അദ്ദേഹം തയ്യാറായില്ല.

അടുത്ത പാര്‍ട്ടിയധ്യക്ഷനെ ഞാന്‍ നാമനിര്‍ദേശം ചെയ്യണമെന്ന് ഒട്ടേറെ സഹപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പാര്‍ട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങള്‍ കൈക്കൊള്ളാന്‍ ഒരുകൂട്ടം നേതാക്കളെ ചുമതലപ്പെടുത്തണമെന്നു ഞാന്‍ നിര്‍ദേശിച്ചു. അതിനു സര്‍വപിന്തുണയും വാഗ്ദാനം ചെയ്തു. 2019ലെ തിരഞ്ഞെടുപ്പുതോല്‍വിയില്‍ പാര്‍ട്ടിയധ്യക്ഷനെന്ന നിലയില്‍ എനിക്കാണ് ഉത്തരവാദിത്വം. പാര്‍ട്ടിയുടെ പുനര്‍നിര്‍മാണത്തിനു കടുത്ത തീരുമാനങ്ങള്‍ വേണം. തിരഞ്ഞെടുപ്പുതോല്‍വിക്ക് ഒട്ടേറെപ്പേര്‍ക്ക് ഉത്തരവാദിത്വം നിശ്ചയിക്കണം. അധ്യക്ഷനെന്ന നിലയില്‍ സ്വന്തം ഉത്തരവാദിത്വം അവഗണിച്ചു മറ്റുള്ളവര്‍ക്കുമേല്‍ അതു ചുമത്തുന്നതു ശരിയല്ല രാഹുല്‍ രാജിക്കത്തില്‍ പറഞ്ഞു.

അതേസമയം, ബിജെപിക്കെതിരേയുള്ള പോരാട്ടം തുടരുമെന്നു രാഹുല്‍ കത്തില്‍ ആവര്‍ത്തിക്കുന്നു. ഇന്ത്യയെന്ന ആശയത്തെ നിരസിക്കുന്നതാണ് അവരുടെ ആശയസംഹിത. നമ്മുടെ ഭരണഘടനയ്ക്കു മേലുള്ള കടന്നാക്രമണം രാജ്യത്തിന്റെ തനതുഘടനയെ തന്നെ ഇല്ലാതാക്കാനാണ്. അതുകൊണ്ടുതന്നെ പോരാട്ടത്തില്‍നിന്നു പിന്നോട്ടില്ലെന്നും രാഹുല്‍ വ്യക്തമാക്കി. ട്വിറ്റര്‍ ഹാന്‍ഡിലില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്നുള്ള വിവരണം നീക്കി 'കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, പാര്‍ലമെന്റംഗം' എന്നാക്കുകയും ചെയ്തിട്ടുണ്ട്.

പുതിയ അധ്യക്ഷനെ നിശ്ചയിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ഉടന്‍ വിളിച്ചുചേര്‍ക്കുമെന്ന് ഉന്നത നേതാക്കള്‍ അറിയിച്ചു. ഉപാധ്യക്ഷന്‍ ഇല്ലെങ്കില്‍ പുതിയ പ്രസിഡന്റിനെ നിശ്ചയിക്കുന്നതുവരെ അധ്യക്ഷന്റെ ചുമതല ഏറ്റവും മുതിര്‍ന്ന ജനറല്‍ സെക്രട്ടറി വഹിക്കണമെന്നാണു പാര്‍ട്ടി ഭരണഘടനയിലെ വ്യവസ്ഥ. ഇതു പാലിക്കപ്പെടുമോയെന്ന് അറിവായിട്ടില്ല. ഒരുസംഘം നേതാക്കള്‍ ചേര്‍ന്നു പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്നു രാഹുല്‍തന്നെ നിര്‍ദേശിച്ചിട്ടുള്ളതിനാല്‍ അടിയന്തരപ്രവര്‍ത്തകസമിതി പുതിയ അധ്യക്ഷന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനാണു സാധ്യത. അതുകൊണ്ടുതന്നെ, സംഘടനാതിരഞ്ഞെടുപ്പു നടത്തി പാര്‍ട്ടിയധ്യക്ഷനെ നിശ്ചയിക്കുന്ന രീതി ഉടനുണ്ടാവാനിടയില്ലെന്നും അറിയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com