

കോയമ്പത്തൂര്: പൊള്ളാച്ചി- കോയമ്പത്തൂര് പ്രധാന പാതയില് നിയന്ത്രണം വിട്ട ആഡംബര എസ്.യു.വി കാര് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി ആറു പേര് മരിച്ചു. ബുധനാഴ്ച രാവിലെ കോയമ്പത്തൂരിന് സമീപം സുന്ദരപുരത്തെ അയ്യര് ഹോസ്പ്പിറ്റല് ബസ് സ്റ്റോപ്പിന് സമീപമാണ് നാടിനെ നടുക്കിയ അപകടം നടന്നത്. സംഭവത്തില് മൂന്ന് പേര്ക്ക് പരുക്കേറ്റു. പൊള്ളാച്ചിയില് നിന്ന് അമിത വേഗത്തില് വരികയായിരുന്ന കാര് ആള്ക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. റോഡരികില് കച്ചവടം ചെയ്യുകയായിരുന്ന ഒന്പതോളം ആളുകളാണ് അപകടത്തില് പെട്ടത്. ഇവരെ ഇടിച്ചു തെറിപ്പിച്ച് കാര് സമീപത്തുണ്ടായിരുന്ന ഓട്ടോയില് ഇടിച്ച ശേഷമാണ് നിന്നത്. അപകടത്തില് ഓട്ടോയും പൂര്ണമായി തകര്ന്നിട്ടുണ്ട്.
കോയമ്പത്തൂര് സ്വദേശികളായ നാരായണന് (70), അംശവേണി (32) സുഭാഷിണി (18) ശ്രീരംഗദാസ്(69) കുപ്പാത്താള് (70), വെള്ളമ്മാള് (60) എന്നിവരാണ് മരിച്ചത്. പരുക്കേറ്റവര് കോയമ്പത്തൂര് മെഡിക്കല് കോളജ് ആശുപത്രിയില് ചികിത്സയിലാണ്. ആറു പേരും സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു.
കോയമ്പത്തൂരിലെ സ്വകാര്യ കോളജ് ഉടമയുടേതാണ് കാര്. കാര് ഓടിച്ചിരുന്ന ജഗദീശന് (36) ക്ഷീണം മൂലം ഉറങ്ങിപ്പോയതാവാം അപകടത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ട്രാഫിക്ക് അന്വേഷണ വിഭാഗം സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates