

യുനൈറ്റഡ് നേഷന്‍സ്: പ്രകൃതിയെ ചൂഷണം ചെയ്യുന്ന മനുഷ്യര്‍ക്കുള്ള മുന്നറിയിപ്പാണ് കോവിഡ് 19 മഹാമാരിയെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍. ജൈവവൈവിധ്യം സംബന്ധിച്ച യുഎന്‍ ഉച്ചകോടിയില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം ഓര്‍മപ്പെടുത്തിയത്.
പ്രകൃതി വിഭവങ്ങളുടെ അനിയന്ത്രിതമായ ചൂഷണവും മനുഷ്യരുടെ അസന്തുലിതമായ ഭക്ഷ്യ ശീലങ്ങളും ഉപഭോഗ ജീവിതവും പ്രകൃതിയുടെ നാശത്തിലേക്ക് നയിക്കുന്നു. കോവിഡ് പോലുള്ള മഹാമാരിയുടെ ഉത്ഭവത്തിനാണ് ഇക്കാര്യങ്ങള്‍ ഇടയാക്കിയിട്ടുള്ളത്- ജാവഡേക്കര്‍ പറഞ്ഞു.
'പ്രകൃതി രക്ഷതി രക്ഷിത'- നിങ്ങള്‍ പ്രകൃതിയെ സംരക്ഷിക്കുമ്പോള്‍ പ്രകൃതി നിങ്ങളേയും സംരക്ഷിക്കും. പ്രകൃതിയെ സംരക്ഷിക്കുന്നതും പ്രകൃതിയോട് ചേര്‍ന്ന് നിന്ന് ജീവിക്കുന്നതുമാണ് പണ്ട് മുതല്‍ക്കേ ഇന്ത്യയുടെ സംസ്‌കാരം. മഹാത്മാഗാന്ധിയുടെ അഹിംസയും മൃഗങ്ങളെ സംരക്ഷിക്കുന്നതും സംബന്ധിച്ച ധാര്‍മ്മികത ഇന്ത്യയുടെ ഭരണഘടനയിലും നിയമങ്ങളിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോകത്തെ ഭൂവിസ്തൃതിയുടെ 2.4 ശതമാനം മാത്രമുള്ള ഇന്ത്യ ലോകത്ത് രേഖപ്പെടുത്തിയ എട്ട് ശതമാനം ജീവജാലങ്ങളെ ഉള്‍ക്കൊള്ളുന്ന നാടായി മാറിയത് ഈ വിശ്വാസങ്ങളും ധാര്‍മ്മികതയും മൂലമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദശകത്തിനിടെ വൃക്ഷങ്ങള്‍ വച്ചുപിടിപ്പിച്ചും മറ്റും രാജ്യത്തിന്റെ ഭൂവിസ്തൃതിയുടെ 25 ശതമാനം വനമേഖലയായി ഉയര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. 26 ദശലക്ഷം ഹെക്ടര്‍ ഭൂമി പുനഃസ്ഥാപിച്ച് 2030 ഓടെ ഭൂമി നശീകരണ തോത് കുറയ്ക്കുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
2010ല്‍ റഷ്യയില്‍ വച്ച് നടന്ന കടുവകളുള്ള 13 രാജ്യങ്ങളിലെ നേതാക്കള്‍ പങ്കെടുത്ത പീറ്റേഴ്സ്ബര്‍ഗ് ഉച്ചകോടിയില്‍ 2022 ആകുമ്പോഴേക്കും കടുവകളുടെ വംശനാശം ഇരട്ടിയാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇക്കാര്യത്തിലും ഇന്ത്യ മികച്ച മുന്നേറ്റമാണ് നടത്തിയിട്ടുള്ളത്. 2022 സമയപരിധി മുന്നില്‍ വച്ച് ഇന്ത്യ കടുവകളുടെ എണ്ണം ഇരട്ടിയാക്കി. സര്‍ക്കാരിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 2,967 കടുവകളാണുള്ളത്, ഇത് ലോകത്തിലെ 70 ശതമാനം വരുമെന്നും അദ്ദേഹം വിശദീകരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates