കന്യാകുമാരി: നരേന്ദ്ര മോദിയുടെ വികസന പ്രവർത്തനങ്ങളെ പ്രശംസിച്ച് ഫെയ്സ്ബുക്കിൽ കുറിപ്പിട്ടതിന്റെ പേരിൽ മുൻ എംഎൽഎ അബ്ദുള്ളക്കുട്ടിയെ കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് പുറത്താക്കിയത്. ഇതിന് പിന്നാലെ കേന്ദ്ര സർക്കാരിനെ പ്രശംസിച്ച് തമിഴ്‌നാട് എംപിയും രംഗത്തെത്തിയത് കോൺഗ്രസിന് വീണ്ടും തലവേദനയായി മാറി. ലോക്സഭാ തെരഞ്ഞെടുപ്പിൽ കന്യാകുമാരിയിൽ നിന്ന് വിജയിച്ച എച്ച് വസന്തകുമാറാണ് മോദി സര്‍ക്കാരിനെ പ്രശംസിച്ച് രംഗത്ത് വന്നത്. തെരഞ്ഞെടുപ്പിൽ കേന്ദ്ര സഹമന്ത്രിയായിരുന്ന പൊൻ രാധാകൃഷ്ണനെ രണ്ടര ലക്ഷം വോട്ടുകൾക്ക് പുറകിലാക്കിയാണ് വസന്തകുമാര്‍ ജയം സ്വന്തമാക്കിയത്.
ലക്ഷദ്വീപിന് സമീപം നടുക്കടലിൽ അകപ്പെട്ട 20 മത്സ്യത്തൊഴിലാളികളെ രക്ഷിച്ചതിനായിരുന്നു അദ്ദേഹം മോദി സര്‍ക്കാരിനെ പ്രശംസിച്ചത്. കൊച്ചിൻ ഹാര്‍ബറിലേക്ക് പോയ 20 മത്സ്യത്തൊഴിലാളികളടങ്ങിയ സംഘം ബോട്ടിന്റെ എഞ്ചിൻ തകരാറിലായി നടുക്കലടലിൽ അകപ്പെട്ടപ്പോൾ വസന്തകുമാര്‍ ഈ വിഷയത്തിൽ ഇടപെടുകയായിരുന്നു. കേന്ദ്രത്തോട് ഇദ്ദേഹം സഹായം അഭ്യര്‍ത്ഥിച്ചു. പിന്നാലെ മത്സ്യത്തൊഴിലാളികളെ രക്ഷിക്കുകയും കരയ്ക്ക് എത്തിക്കുകയും ചെയ്തു.
എന്നാൽ കോൺഗ്രസ് പ്രവര്‍ത്തകര്‍ക്കോ, നേതാക്കള്‍ക്കോ കേന്ദ്ര സർക്കാരിനെ പ്രശംസിച്ച വസന്തകുമാറിന്റെ നടപടി തീരെ ഇഷ്ടപ്പെട്ടില്ല. സഹായത്തിന് നന്ദി അർപ്പിക്കുക മാത്രമാണ് താൻ ചെയ്തതെന്നാണ് വിവാദത്തിൽ വസന്തകുമാര്‍ മറുപടി പറഞ്ഞത്. എന്നാൽ കോൺഗ്രസ് എംഎൽഎയും ആൾ ഇന്ത്യ മഹിള കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ എസ് വിജയധരണി, വസന്തകുമാര്‍ ബിജെപി സര്‍ക്കാരിനെ പ്രശംസിച്ചത് ശരിയായില്ലെന്ന് പറഞ്ഞു.
"അദ്ദേഹം എന്താണ് പറഞ്ഞതെന്ന് ഞാൻ കേട്ടില്ല. എന്നാൽ അദ്ദേഹം പരിധി ലംഘിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റാണ്. അദ്ദേഹത്തിന്റെ അടുത്ത ബന്ധുവാണ് ബിജെപി സംസ്ഥാന പ്രസിഡന്റായ തമിളിസൈ സൗന്ദരരാജൻ എന്നുള്ളത് കൊണ്ട് തന്നെ ഇത് ദോഷകരമായി വ്യാഖ്യാനിക്കപ്പെടാം. അദ്ദേഹം ഇക്കാര്യം ശ്രദ്ധിക്കേണ്ടതായിരുന്നു," വിജയധരണി പറഞ്ഞു.
സംസ്ഥാനത്ത് വസന്ത് ആന്റ് കമ്പനി എന്ന പേരിൽ ബൃഹത്തായ ഗൃഹോപകരണ വിതരണ ശൃംഖലയുള്ള ബിസിനസുകാരനാണ് ഇദ്ദേഹം. കോൺഗ്രസിന്റെ മുഖപത്രം എന്ന് കരുതപ്പെടുന്ന തമിഴ്‌നാട്ടിലെ വസന്ത് ടിവിയുടെ ഉടമയും വസന്തകുമാറാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates