ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് ഉടൻ; ജനങ്ങൾ ആ​ഗ്രഹിച്ച മുഖ്യമന്ത്രി വരും; നരേന്ദ്ര മോദി

കശ്മീരിലെ 370ാം അനുച്ഛേദം എടുത്തു കളഞ്ഞ നടപടി ചരിത്രപരമായ തീരുമാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് ഉടൻ; ജനങ്ങൾ ആ​ഗ്രഹിച്ച മുഖ്യമന്ത്രി വരും; നരേന്ദ്ര മോദി
Updated on
1 min read

ന്യൂഡല്‍ഹി:  കശ്മീരിലെ 370ാം അനുച്ഛേദം എടുത്തു കളഞ്ഞ നടപടി ചരിത്രപരമായ തീരുമാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെയും അംബേദ്കറിന്റേയും സ്വപ്‌നമാണ് ഇപ്പോള്‍ യാഥാര്‍ഥ്യമാക്കിയതെന്നും പ്രധാനമന്ത്രി പറഞ്ഞു. 

കശ്മീരിന്റെ വികസനത്തിന് 370ാം അനുച്ഛേദം തടസമായിരുന്നു. വികസനം ഇതുവരെ കശ്മീരിലെത്തിയിട്ടില്ല. കശ്മീരികള്‍ ഇപ്പോള്‍ ശാക്തീകരിക്കപ്പെട്ടതായും സദ്ഭരണത്തിന്റെ ഫലം ഉടന്‍ പ്രതിഫലിക്കുമെന്നും മോദി പറഞ്ഞു. 

രാജ്യത്തെ നിയമങ്ങള്‍ ഒരു ഭാഗത്ത് പ്രയോഗിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. പ്രത്യേക പദവി കുടുംബ വാഴ്ചയ്ക്ക് അവസരമൊരുക്കുകയായിരുന്നു. ഇനി ജമ്മു കശ്മീരില്‍ നിന്ന് യുവ നേതൃനിര ഉയര്‍ന്നു വരും. ഇതിനും വിഘാതം സൃഷ്ടിച്ചത് കുടുംബ വാഴ്ചയായിരുന്നു. ജമ്മു കശ്മീരിലെ തീവ്രവാദം അവസാനിപ്പിക്കുമെന്നും ജനങ്ങള്‍ വിഘടന വാദത്തെ തോല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

കശ്മീരിലും ലഡാക്കിലും പുതുയുഗ പിറവിയാണ് നടന്നത്. 370ാം വകുപ്പ് കൊണ്ട് എന്ത് നേട്ടമാണ് ഉണ്ടായത്. തീവ്രവാദം മൂലം 42,000 പാവപ്പെട്ട ജനങ്ങളാണ് കൊല്ലപ്പെട്ടത്. ഭീകരതയ്ക്കും അഴിമതിക്കും വഴിമരുന്നിട്ടത് 370ാം വകുപ്പായിരുന്നു. 

വിദ്യാഭ്യാസ അവകാശമില്ലാത്തവരായിരുന്നു കശ്മീരിലെ കുട്ടികള്‍. സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിന് പുതിയ തീരുമാനം വഴി വയ്ക്കുമെന്നും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുമെന്നും മോദി പറഞ്ഞു. കശ്മീരിലെ തൊഴിലാളികള്‍ക്ക് മിനിമം കൂലി പോലും ലഭിക്കുന്ന സാഹചര്യമില്ലായിരുന്നു. ചരിത്രപരമായ തീരുമാനത്തിലൂടെ കശ്മീര്‍ ജനത കുതിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 

കേന്ദ്ര ഭരണം ചുരുങ്ങിയ കാലത്തേക്ക് മാത്രമായിരിക്കും. ഉടന്‍ തന്നെ നിഷ്പക്ഷ തെരഞ്ഞെടുപ്പ് നടത്തും. ജനങ്ങള്‍ക്ക് അവരുടെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാം. അവര്‍ ആഗ്രഹിക്കുന്ന മുഖ്യമന്ത്രി തന്നെ അധികാരമേല്‍ക്കും. 

ജമ്മു കശ്മീരിന്റെ ആധുനിക വത്കരണത്തിന് മുന്‍ഗണന നല്‍കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തുല്ല്യത ഉറപ്പാക്കും. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഒഴിഞ്ഞ് കിടക്കുന്ന സര്‍ക്കാര്‍ തസ്തികകള്‍ നികത്തും. റോഡ്, റെയില്‍, വ്യോമ ഗതാഗത മാര്‍ഗങ്ങള്‍ വികസിപ്പിക്കും. കേന്ദ്ര പദ്ധതികളുടെ പ്രയോജനം ഉറപ്പാക്കും. സ്വകാര്യ നിക്ഷേപം നടത്തും. വിനോദ സഞ്ചാര മേഖലയിലെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com