

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്ക് എതിരെ ഡല്‍ഹി ഷഹീന്‍ ബാഗില്‍ സമരം നടത്തുന്നവരുടെ പ്രതിനിധികള്‍ ഞായറാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ട്. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അമിത് ഷാ പറഞ്ഞതിന് പിന്നാലെയാണ് നാളെ ഉച്ചയ്ക്ക് രണ്ടുണിക്ക് കൂടിക്കാഴ്ച നടത്താന്‍ സമരക്കാര്‍ തീരുമാനിച്ചത് എന്നാണ് റിപ്പോര്‍ട്ട്. അതേസമയം, റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതിഷേധക്കാരുടെ ഭാഗത്ത് നിന്ന് സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ഷഹീന്‍ബാഗ് സമരക്കാരുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് അമിത് ഷാ പറഞ്ഞിരുന്നു.' കൂടിക്കാഴ്ച നടത്താന്‍ എന്റെ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. മൂന്നുദിവസത്തിനുള്ളില്‍ ഞാന്‍ സമയം അനുവദിക്കും. നേരത്തെയും പറഞ്ഞതാണ്, ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന്, പക്ഷേ ആരും തയ്യാറായില്ല.'- അമിത് ഷാ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സമാധാനപരമായി സമരം ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും പൊതുമുതല്‍ നശിപ്പിക്കാന്‍ പാടില്ലെന്നും അമിത് ഷാ പറഞ്ഞിരുന്നു.
പൗരത്വ നിയമത്തിന് എതിരെ നടക്കുന്ന സമരങ്ങളുടെ പ്രധാന കേന്ദ്രമാണ് ഷഹീന്‍ബാഗ്. രണ്ടുമാസത്തോളമായി ഇവിടെ രാവുംപകലും സമരം തുടരുകയാണ്. പൊതുജനത്തിന്റെ സഞ്ചാര സ്വാതന്ത്ര്യം ഹനിച്ച് സമരം നടത്തരുതെന്ന് ഫെബ്രുവരി പത്തിന് സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു.
ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന പ്രചാരണായുധമായിരുന്നു ഷഹീന്‍ബാഗ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും അടക്കമുള്ള നേതാക്കള്‍ ഷഹീന്‍ ബാഗ് സമരത്തിന് എതിരെ രൂക്ഷ പ്രതികരണങ്ങളാണ് നടത്തിയത്. ഫെബ്രുവരി 11ന് ബിജെപി അധികാരത്തിലെത്തിയാല്‍ ഷഹീന്‍ബാഗ് ഉണ്ടാകില്ലെന്ന് അമിത് ഷാ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതില്‍ പ്രധാന കാരണങ്ങളിലൊന്ന് ഷഹീന്‍ ബാഗിനെക്കുറിച്ചുള്ള അതിരുവിട്ട പ്രതികരണങ്ങളാണെന്ന് നേരത്തെ അമിത് സമ്മതിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates