

ന്യൂഡല്‍ഹി : സുപ്രീം കോടതി ഭരണം താളം തെറ്റിയെന്ന് ആരോപിച്ച് നാലു ജഡ്ജിമാര്‍ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയ സംഭവത്തിന് പിന്നാലെ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടുന്നു. സുപ്രീംകോടതിയില്‍ ഉണ്ടായ അസാധാരണ സംഭവവികാസങ്ങളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനോട് പ്രധാനമന്ത്രി നിര്‍ദേശിച്ചു. സുപ്രീംകോടതിയില്‍ കാര്യങ്ങള്‍ ശരിയായ രീതിയിലല്ലെന്ന് സുപ്രീംകോടതിയിലെ ഏറ്റവും സീനിയറായ നാലു ജഡ്ജിമാര്‍ ആരോപിച്ചിരുന്നു. കാര്യങ്ങള്‍ നേരെയാക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും ജഡ്ജിമാര്‍ ആരോപിച്ചിരുന്നു.
സീനിയോറിട്ടിയില്‍ സുപ്രീംകോടതിയില്‍ രണ്ടാമനായ ജസ്റ്റിസ് ജെ ചെലമേശ്വറിന്റെ നേതൃത്വത്തിലാണ് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ രംഗത്തെത്തിയത്. ഭരണസംവിധാനം മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് രണ്ടുമാസം മുന്‍പ് കത്ത് നല്‍കിയിരുന്നു. എന്നാല്‍ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതായി ജസ്റ്റിസ് ചെമലേശ്വര്‍, ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, കുര്യന്‍ ജോസഫ്, മദന്‍ ബി ലോക്കൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു. സൊറാബുദീന്‍ ഷെയക്ക് വധക്കേസില്‍ വാദം കേട്ടിരുന്ന ജഡ്ജി ലോയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട നടപടികളിലെ അതൃപ്തിയാണ് പ്രതിഷേധത്തിന് മുഖ്യകാരണമെന്നാണ് വിവരം.
കോടതി ശരിയായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനാധിപത്യം തകരുമെന്ന് ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി. സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ആദ്യമായി കോടതികള്‍ നിര്‍ത്തിവെക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുകയായിരുന്നു. വളരെ ഖേദത്തോടെയാണ് തങ്ങള്‍ വാര്‍ത്താ സമ്മേളനം വിളിച്ചു കൂട്ടിയത് എന്നും ജഡ്ജിമാര്‍ പറഞ്ഞു.രാവിലെ കോടതി നടപടികള്‍ നിര്‍ത്തിവെച്ച് ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം വിളിച്ചത് സുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. തിങ്കളാഴ്ച മുതല്‍ കോടതി നടപടികള്‍ സാധാരണ നിലയില്‍ നടക്കുമെന്നും ഇവര്‍ മാധ്യമങ്ങളെ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates