

ചെന്നൈ: ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെ ദിനകരന്‍ പക്ഷത്തെ പ്രമുഖ നേതാവായ വെട്രിവേലിനെതിരെ പൊലീസ് കേസെടുത്തു. ആര്‍കെ നഗര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്.
അതേസയമം ശശികല അറിയാതെയാണ് ദൃശ്യങ്ങള്‍ പുറത്തുപോയതെന്ന വാദവുമായി ശശികലയുടെ സഹേദരപുത്രി കൃഷ്ണപ്രിയ രംഗത്തെത്തി. വെട്രിവേല്‍ കാണിച്ചത് വിശ്വാസവഞ്ചന കാട്ടിയതാണെന്നും ദൃശ്യങ്ങള്‍ വെട്രിവേലിന് കിട്ടിയത് എങ്ങനെയാണെന്ന് അറിയില്ലെന്നും കൃഷ്ണപ്രിയ പറഞ്ഞു.ജയലളിതയുടെ ആത്മാഭിമാനത്തെ ഇകഴ്ത്തുന്ന ഒന്നും ചെയ്യില്ലെന്ന് ശശികല തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണ കമ്മീഷന് മുന്‍പില്‍ സമര്‍പ്പിച്ച വീഡിയോയാണ് പുറത്തായതെന്നും കൃഷ്ണപ്രിയ കൂട്ടിച്ചേര്‍ത്തു.
ആര്‍കെ നഗറില്‍ വ്യാഴാഴ്ച ഉപതിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ് ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ പുറത്തായത്. വിഡിയോ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ക്കു തെരഞ്ഞടുപ്പ് കമ്മീഷന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ദൃശ്യങ്ങള്‍ തിരഞ്ഞെടുപ്പിനെ നേരിട്ടോ അല്ലാതെയോ സ്വാധീനിക്കാന്‍ സാധ്യതയുള്ളതിനാലാണ് തിരഞ്ഞെടുപ്പു കമ്മിഷന്റെ ഇടപെടല്‍. വിഡിയോ പ്രചരിപ്പിക്കുന്നത് തിരഞ്ഞെടുപ്പു ചട്ടങ്ങളുടെ ലംഘനമാണെന്നും കമ്മിഷന്‍ പറഞ്ഞു.
വിഡിയോ പുറത്തുവന്നതിന് പിന്നാലെ ഡിഎംകെയും അണ്ണാഡിഎംകെയും ഇതിനെതിരെ തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കുകയായിരുന്നു. വോട്ടു ലക്ഷ്യമിട്ട് വ്യക്തിഗത ലാഭമുണ്ടാക്കാന്‍ നടത്തിയ നീക്കമെന്നായിരുന്നു വിമര്‍ശനം. ബുധനാഴ്ച രാവിലെയാണ് ഏതാനും സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വിഡിയോ വെട്രിവേല്‍ പുറത്തുവിട്ടത്. അപ്പോളോ ആശുപത്രിയില്‍ കിടക്കുമ്പോള്‍ പരസഹായമില്ലാതെ ജ്യൂസ് കുടിച്ച് ജയലളിത ടിവി കാണുന്ന ദൃശ്യമാണ് പുറത്തായത്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates