

ന്യൂഡൽഹി: ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർഥി യൂണിയൻ നേതാവായിരുന്ന ഉമർ ഖാലിദിനെ വധിക്കാൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. ഡൽഹി സ്പെഷൽ സെലാണ് ഇവരെ പിടികൂടിയത്. എന്നാൽ ഇവരുടെ പേര് വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഉമർ ഖാലിദിനു നേരെ വധശ്രമമുണ്ടായത്. തലസ്ഥാനത്തെ അതീവ സുരക്ഷാ മേഖലയോട് ഏറ്റവും അടുത്തു നിൽക്കുന്ന റഫി മാർഗിലെ കോണ്‍സ്റ്റിറ്റ്യൂഷൻ ക്ലബ്ബിന് മുന്നിൽവച്ചാണ് തോക്കുമായെത്തിയ അക്രമി ഉമർ ഖാലിദിനെ അപായപ്പെടുത്താൻ ശ്രമിച്ചത്.
നിരന്തരം പൊലീസ്, സൈനിക സാന്നിധ്യമുള്ള റഫി മാർഗിൽ പട്ടാപ്പകൽ തോക്കുമായി എത്തിയ അക്രമി ഒരു പോറൽ പോലുമേൽക്കാതെ ഓടി രക്ഷപ്പെടുകയും ചെയ്തിരുന്നു. ജെഎൻയു സമരവുമായി ബന്ധപ്പെട്ട് കനയ്യ കുമാറിനൊപ്പം രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഒരാളാണ് ഉമർ ഖാലിദ്. ഈ സംഭവത്തിനുശേഷം ഉമർ ഖാലിദ് ഉൾപ്പെട്ട വിദ്യാർഥി നേതാക്കൾക്ക് നേരെ വധഭീഷണികൾ ഉയർന്നിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates