

ചെന്നൈ: ഇന്ത്യ- പാക് സംഘർഷത്തിന് അയവ് വരാത്ത സാഹചര്യത്തിൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ കനത്ത സുരക്ഷാ ജാഗ്രതയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി വലിയ സുരക്ഷാ പരിശോധനകളാണ് വിമാനത്താവളങ്ങളിൽ നടക്കുന്നത്. അതിനിടെ കനത്ത സുരക്ഷാ പരിശോധനയിലൂടെ കടന്നുപോകുന്നതിൽ പ്രതിഷേധിച്ച മലയാളി യാത്രക്കാരനെ ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ കയറ്റിയില്ല. ചൊവ്വാഴ്ച ചെന്നൈ വിമാനത്താവളത്തിൽ വച്ച് കൊച്ചിയിൽ നിന്നു ഭുവനേശ്വറിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം.
പത്തനംതിട്ട സ്വദേശിയായ അലക്സ് മാത്യുവിനെയാണ് എയർലൈൻസ് വിമാനത്തിൽ കയറ്റാഞ്ഞത്. ‘ഞാനെന്താ ബാഗിൽ ബോംബുമായി നടക്കുകയാണോ’ എന്ന അലക്സിന്റെ പരാമർശമാണ് ഇൻഡിഗോ അധികൃതരുടെ നടപടിക്കു പിന്നിലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വിമാനത്താവളത്തിലെ സിഐഎസ്എഫ് പരിശോധന പൂർത്തിയാക്കിയതിനു പിന്നാലെ യാത്രക്കാരെയും അവരുടെ ബാഗുകളും അവസാനവട്ടം പരിശോധിക്കുന്ന സെക്കൻഡറി ലാഡർ പോയിന്റ് സെക്യൂരിറ്റി (എസ്എൽപിസി) എന്ന പരിശോധനയ്ക്കിടെയായിരുന്നു അലക്സിന്റെ പ്രതിഷേധം. വിമാനത്തിൽ കയറുന്നതിന് തൊട്ടുമുൻപ് ബോർഡിങ് പോയിന്റിനു സമീപം രണ്ടാമതും യാത്രക്കാരനെയും ബാഗും പരിശോധിക്കുന്ന സംവിധാനമാണിത്.
സംഭവത്തിനു പിന്നാലെ ക്വിക്ക് റെസ്പോൺസ് ടീമും ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും അലക്സിൽനിന്ന് ഒന്നും കണ്ടെത്താനായില്ല. സുരക്ഷാ പ്രോട്ടോക്കോളിന്റെ ഭാഗമായി യാത്രക്കാരനെ പൊലീസിനു കൈമാറി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates