ഞാന്‍ ബ്രേക്കിട്ടതായിരുന്നു, പക്ഷേ ആളുകള്‍ കല്ലെറിയാന്‍ തുടങ്ങിയപ്പോള്‍ നിര്‍ത്താതെ പോയി: അമൃത്സര്‍ ട്രൈയിന്‍ ഡ്രൈവറുടെ വെളിപ്പെടുത്തല്‍

അപകടമുണ്ടാകുന്ന സമയത്ത് താന്‍ എമര്‍ജന്‍സി ബ്രേക്ക് ഇട്ടിരുന്നെന്നും ആളുകള്‍ കല്ലെറിയാനും ആക്രമിക്കാനും തുടങ്ങിയപ്പോള്‍ നിര്‍ത്താതെ പോവുകയായിരുന്നെന്നും ഡ്രൈവര്‍ പറഞ്ഞു.
ഞാന്‍ ബ്രേക്കിട്ടതായിരുന്നു, പക്ഷേ ആളുകള്‍ കല്ലെറിയാന്‍ തുടങ്ങിയപ്പോള്‍ നിര്‍ത്താതെ പോയി: അമൃത്സര്‍ ട്രൈയിന്‍ ഡ്രൈവറുടെ വെളിപ്പെടുത്തല്‍
Updated on: 
1 min read

ന്യൂഡല്‍ഹി: അമൃത്‌സര്‍ ദുരന്തത്തില്‍ വെളിപ്പെടുത്തലുമായി ട്രെയിന്‍ ഡ്രൈവര്‍ രംഗത്ത്. അപകടമുണ്ടാകുന്ന സമയത്ത് താന്‍ എമര്‍ജന്‍സി ബ്രേക്ക് ഇട്ടിരുന്നെന്നും ആളുകള്‍ കല്ലെറിയാനും ആക്രമിക്കാനും തുടങ്ങിയപ്പോള്‍ നിര്‍ത്താതെ പോവുകയായിരുന്നെന്നും ഡ്രൈവര്‍ പറഞ്ഞു. റെയില്‍വെ അഡ്മിനിസ്‌ട്രേഷന് നല്‍കിയ കത്തിലാണ് ഡ്രൈവര്‍ അരവിന്ദ് കുമാറിന്റെ വിശദീകരണം.

'പെട്ടെന്നാണ് ട്രാക്കിനടുത്ത് ജനക്കൂട്ടത്തെ ഞാന്‍ കാണുന്നത്. പെട്ടെന്ന് തന്നെ എമര്‍ജന്‍സി ബ്രേക്കിടുകയും നിരന്തരം ഹോണ്‍ മുഴക്കുകയും ചെയ്തു. അപ്പോഴേക്കും കുറച്ച് പേര്‍ ട്രെയിനിന് അടിയില്‍ പെട്ടിരുന്നു. ട്രെയിന്‍ നിര്‍ത്താന്‍ പോയപ്പോഴാണ് ആളുകള്‍ ആക്രോശിച്ച് കൊണ്ട് ട്രെയിനിന് നേരെ കല്ലെറിഞ്ഞത്. എന്റെ യാത്രക്കാരുടെ സുരക്ഷ മാനിച്ച് ട്രെയിന്‍ നിര്‍ത്താതെ പോയി,' ഡ്രൈവര്‍ പറഞ്ഞു.

എന്നാല്‍ ദൃക്‌സാക്ഷികളും പുറത്തു വന്ന വീഡിയോകളും ഡ്രൈവറുടെ മൊഴിക്ക് വിപരീതമായാണ്. സംഭവത്തില്‍ അന്വേഷണം നടത്തില്ലെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്. പ്രാദേശിക ഭരണകൂടമോ സംഘാടകരോ ദസറ ആഘോഷത്തെക്കുറിച്ച് അറിയിച്ചിരുന്നില്ലെന്നും അപകടത്തില്‍ യാതൊരു ഉത്തരവാദിത്വവുമില്ലെന്നും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലൊഹാനി പറഞ്ഞു. ലോക്കോ പൈലറ്റിനെതിരേ നടപടിയെടുക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ജോദാ പഥക്കിലെ അപകടസ്ഥലം സന്ദര്‍ശിച്ചശേഷം പ്രതികരിക്കുകയായിരുന്നു ലൊഹാനി.

രണ്ടു സ്‌റ്റേഷനുകള്‍ക്കിടയിലാണ് അപകടം നടന്നത്. മുന്‍പേ നിശ്ചയിച്ച പ്രകാരമുള്ള വേഗതയിലായിരുന്നു ട്രെയിന്‍ വന്നിരുന്നത്. ട്രാക്കില്‍ ആളുകള്‍ കയറി നില്‍ക്കുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. ദസറ ആഘോഷത്തിനായി അനധികൃതമായി ട്രാക്കില്‍ കടന്നുകയറിയതാണ് അപകടകാരണമെന്നും അശ്വനി ലൊഹാനി പറഞ്ഞു. അതേസമയം അപകടത്തെക്കുറിച്ചു മജിസ്‌ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവിട്ടതായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞു. നാലാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു നിര്‍ദേശം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com