

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആദ്യ മണിക്കൂറുകളിലെ ട്രെന്‍ഡ് ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെ നിശബ്ദതയിലാഴ്ത്തി. പാര്‍ട്ടി കേവല ഭൂരിപക്ഷത്തിലേക്കു കുതിക്കുമ്പോഴും കാര്യമായ ആഘോഷമില്ലാത്ത നിലയിലായിരുന്നു അശോകാ റോഡിലെ പാര്‍ട്ടി ആസ്ഥാനം.
വോട്ടെണ്ണല്‍ തുടങ്ങി ആദ്യ അര മണിക്കൂറില്‍ കോണ്‍ഗ്രസിനെ ബഹുദൂരം പിന്നിലാക്കി മുന്നേറിയ ബിജെപി പിന്നീട് കിതയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. ഒരു ഘട്ടത്തില്‍ ബിജെപി പിന്നിലാക്കി കോണ്‍ഗ്രസ് ലീഡ് നേടുകയും ചെയ്തു. വലിയ ഞെട്ടലാണ് ഇതു ബിജെപി കേന്ദ്രങ്ങളില്‍ ഉണ്ടാക്കിയത്. പിന്നീടു തിരിച്ചുകയറിയെങ്കിലും വലിയ ആഘോഷമില്ലാത്ത അവസ്ഥയായിരുന്നു പാര്‍ട്ടി ആസ്ഥാനത്ത്.
പടക്കം പൊട്ടിക്കലും മധുപലഹാര വിതരണവും ഇല്ലാതെയാണ് ആദ്യമണിക്കൂറിലെ ട്രെന്‍ഡിനെ ബിജെപി പ്രവര്‍ത്തകര്‍ വരവേറ്റത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പുകള്‍ക്കു സമാനമായ വിജയമാണ് ഗുജറാത്തില്‍ ബിജെപി പ്രതീക്ഷിച്ചിരുന്നത്. തുടക്കം മുതല്‍ മങ്ങലില്ലാത്ത മുന്നേറ്റമാണ് ഈ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി കാഴ്ചവച്ചത്. അതുകൊണ്ടുതന്നെ വോട്ടെണ്ണല്‍ തുടങ്ങിയ ഘട്ടം മുതല്‍ ആഘോഷലഹരിയിലായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് ട്രെ്ന്‍ഡിലെ ഓരോ ഘട്ടത്തിലുമുള്ള മുന്നേറ്റത്തെ പ്രവര്‍ത്തകര്‍ വരവേറ്റത്.
ഗുജറാത്തില്‍ 150ലേറെ സീറ്റുകള്‍ ലക്ഷ്യമിട്ടായിരുന്നു ബിജെപിയുടെ പ്രവര്‍ത്തനം. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ തന്നെ ഇതു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 34 തെരഞ്ഞെടുപ്പു റാലികളിലാണ് സംസ്ഥാനത്ത് പ്ര്ധാനമന്ത്രി നരേന്ദ്രമ മോദി പങ്കെടുത്തത്. ഗുജറാത്തിലെ വിജയത്തെ എത്രമാത്രം പ്രാധാന്യത്തോടെയാണ് പാര്‍ട്ടി കണക്കാക്കിയത് എന്നതിന്റെ ദൃഷ്ടാന്തമായിരുന്നു ഇത്. അതുകൊണ്ടുതന്നെ വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പാര്‍ട്ടി പിന്നിലേക്കു പോയത് വലിയ നിരാശയാണ് നേതാക്കളിലുണ്ടാക്കിയത്.
ഗുജറാത്തില്‍ കോണ്‍ഗ്രസിനുണ്ടാവുന്ന ഏതു മുന്നേറ്റവും പാര്‍ട്ടി അധ്യക്ഷനായി ചുമതലയേറ്റ രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ടിലാണ വിലയിരുത്തപ്പെടുക എന്നത് ബിജെപിയെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. നരേന്ദ്രമ മോദിക്കു ബദലായി ഉയര്‍ത്തിക്കാട്ടാവുന്ന നേതാവായി രാഹുല്‍ മാറാന്‍ ഇതു സാഹചര്യമൊരുക്കുമെന്ന് അവര്‍ കണക്കുകൂട്ടുന്നു. ഗുജറാത്തില്‍ നൂറു സീറ്റില്‍ താഴെയുള്ള ഏതു വിജയവും പരാജയം തന്നെയാണെന്നാണ് ബിജെപി നേതാക്കള്‍ തന്നെ രഹസ്യമായി വിലയിരുത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates