ചെന്നൈ : അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, എഐഎഡിഎംകെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസാമി, പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ എം കെ അഴഗിരി എന്നിവരെല്ലാം 'ഡിഎംകെ അംഗങ്ങളാണ്'. ഡിഎംകെ പ്രഖ്യാപിച്ച ഡിജിറ്റല്‍ അംഗത്വ വിതരണ പദ്ധതിയിലാണ് ഇവരും 'പാര്‍ട്ടി അംഗങ്ങളാ'യത്.
'എല്ലോരും നമ്മുടന്‍' (എല്ലാവരും നമുക്കൊപ്പം) എന്ന പുതിയ അംഗത്വ വിതരണ പദ്ധതിയിലെ പിഴവുകളാണ് ട്രംപിനെയും പളനിസ്വാമിയെയും വരെ ഡിഎംകെ അംഗങ്ങളാക്കിയത്. മൊബൈല്‍ നമ്പറുള്ള, 18 വയസ്സായ ആര്‍ക്കും അംഗത്വം എടുക്കാവുന്ന തരത്തിലാണ് പദ്ധതിക്കായി പുറത്തിറക്കിയ പ്രത്യേക അംഗത്വ വിതരണ പോര്‍ട്ടലിലെ ക്രമീകരണം.
ഫോട്ടോയും മൊബൈല്‍ നമ്പരും ഉണ്ടെങ്കില്‍ ആര്‍ക്കും ആരുടെ പേരിലും ഡിഎംകെ അംഗത്വം എടുക്കാം. ഡിജിറ്റല്‍ തിരിച്ചറിയല്‍ കാര്‍ഡും ലഭിക്കും. രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ ഐപാക് കമ്പനിയാണ് ഡിജിറ്റല്‍ അംഗത്വ വിതരണം എന്ന ആശയത്തിനു പിന്നില്‍.
പാര്‍ട്ടിയില്‍ 30 വയസ്സില്‍ താഴെയുള്ള അംഗങ്ങള്‍ കുറയുന്നതായി സര്‍വേയില്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഡിജിറ്റല്‍ അംഗത്വ വിതരണത്തിന് തുടക്കമിട്ടത്. വ്യാജ അംഗങ്ങള്‍ കടന്നുകൂടിയതായി പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഡിജിറ്റല്‍ തിരിച്ചറിയല്‍ കാര്‍ഡിലെ വിവരങ്ങള്‍ വിലയിരുത്തി അംഗത്വത്തിന് അംഗീകാരം നല്‍കാന്‍ ബൂത്ത് തലത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയതായി ഡിഎംകെ വക്താവ് ടി.കെ.എസ്.ഇളങ്കോവന്‍ പറഞ്ഞു.
അതേസമയം, എം കെ അഴഗിരിയുടെ പേരില്‍ താനാണ് അംഗത്വ അപേക്ഷ നല്‍കിയതെന്ന് അവകാശപ്പെട്ട് കന്യാകുമാരി സ്വദേശിയായ ഡിഎംകെ പ്രവര്‍ത്തകന്‍ കപിലന്‍ രംഗത്തെത്തി. അഴഗിരിക്കു വീണ്ടും ഡിഎംകെ അംഗത്വം ലഭിച്ചതായി കണക്കാക്കണമെന്നും കപിലന്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി മുന്‍ അധ്യക്ഷന്‍ എം കരുണാനിധിയാണ് പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് മകനും മുന്‍ കേന്ദ്രമന്ത്രിയുമായ എം കെ അഴഗിരിയെ പുറത്താക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates