

ന്യൂഡല്‍ഹി: ഒന്നര ദിവസത്തോളം മാത്രം നീണ്ടുനില്‍ക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തെ ഗംഭീരമാക്കാന്‍ വന്‍ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സുരക്ഷയ്ക്ക് പുറമേ ഭക്ഷണം ഉള്‍പ്പെടെ ഓരോ നിമിഷത്തെയും കാര്യങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ചതിന് അനുസരിച്ചാണ് നീങ്ങുന്നത്. സന്ദര്‍ശനത്തിന്റെ ഭാഗമായി ഗുജറാത്തില്‍ എത്തുന്ന ട്രംപിനായി വിഭവസമൃദ്ധമായ സസ്യാഹാരമാണ് ഏര്‍പ്പാട് ചെയ്തിരിക്കുന്നത് എന്നത് വലിയ വാര്‍ത്തയായിരുന്നു.ഇപ്പോള്‍ സസ്യാഹാരത്തില്‍ ഉത്കണ്ഠ രേഖപ്പെടുത്തിയിരിക്കുകയാണ് ട്രംപിനൊപ്പമുളള അമേരിക്കന്‍ ഉദ്യോഗസ്ഥന്‍.
ട്രംപിനൊപ്പം നിരവധി തവണ തീന്‍മേശ പങ്കിട്ടിട്ടുളള അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ സസ്യാഹാരത്തില്‍ ഉത്കണ്ഠ രേഖപ്പെടുത്തിയതായി സിഎന്‍എന്നിനെ ഉദ്ധരിച്ചുളള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ഭക്ഷണത്തൊടൊപ്പം ട്രംപ് സലാഡ് കഴിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ പച്ചക്കറി കഴിക്കുന്നത് ഇതുവരെ കണ്ടിട്ടില്ലെന്ന് ട്രംപിന് ഏര്‍പ്പാട് ചെയ്തിരിക്കുന്ന സസ്യാഹാരത്തെ ഉദ്ദേശിച്ച് അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ പറയുന്നു.
ചീസ് ബര്‍ഗര്‍ വിളമ്പിയില്ലായെങ്കില്‍ അദ്ദേഹം എന്താണ് ചെയ്യാന്‍ പോകുക എന്ന് അറിയില്ല എന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ പറയുന്നു. ബര്‍ഗര്‍, ഇറച്ചി കൊണ്ട് തയ്യാറാക്കിയിട്ടുളള റൊട്ടി ഉള്‍പ്പെടെ സസ്യതേര ഭക്ഷണമാണ് ട്രംപ്് പതിവായി കഴിക്കുന്നത്. ഇതില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയുളള ഭക്ഷണക്രമമാണ് ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് രൂപം നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി സസ്യാഹാര പ്രിയനാണ്. ട്രംപിനായി വിവിധ തരത്തിലുളള സസ്യാഹാരമാണ് ഒരുക്കിയിരിക്കുന്നത്. വെജിറ്റബിള്‍ ബര്‍ഗര്‍, ബ്രോക്കോളി സമൂസ, കരിക്കിന്‍ വെളളം തുടങ്ങി പ്രത്യേകതരം വിഭവങ്ങളാണ് ട്രംപിനായി ഒരുക്കിയിരിക്കുന്നത്.
ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ, നിരവധി തവണ മോദിയൊടൊപ്പം ട്രംപ് തീന്‍മേശ പങ്കിടുന്നുണ്ട്. രാഷ്ട്രപതി ഭവനിലെ അത്താഴവിരുന്ന് ഇതില്‍ ഒന്നുമാത്രമാണ്. മുന്‍പ് മറ്റു രാജ്യങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ ഭക്ഷണകാര്യത്തില്‍ ട്രംപ് പലപ്പോഴും വീട്ടുവീഴ്ചകള്‍ക്ക് തയ്യാറായിട്ടുണ്ട്. ബദല്‍ ഭക്ഷണത്തില്‍ തൃപ്തിപ്പെടാന്‍ അദ്ദേഹം ശ്രമിക്കാറുണ്ട്. പ്രസിഡന്റിന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷ്യശൃംഖലയായ മക്‌ഡൊണാള്‍ഡിന് ഇന്ത്യയില്‍ ശാഖകളുണ്ട്. എന്നാല്‍ ബീഫ് കൊണ്ട് തയ്യാറാക്കിയ ഭക്ഷണം ഇവര്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്നില്ല. പകരം ചിക്കന്‍ ഉപയോഗിച്ചുളള പലതരം വിഭവങ്ങളും ഫ്രൈഡ് പനീര്‍, ചീസ് സാന്‍ഡ് വിച്ച് എന്നിവയാണ് ഇന്ത്യയിലെ മക്‌ഡൊണാള്‍ഡ് സ്‌റ്റോറുകളില്‍ ലഭിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates