ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തുന്ന നാളത്തെ ജനതാ കർഫ്യൂവിൽ രാജ്യം നിശ്ചലമാകും. ശനിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഞായറാഴ്ച രാത്രി പത്തുമണിവരെയാണ് നിയന്ത്രണം. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനതാ കർഫ്യൂവിനോട് പൂർണമായി സഹകരിക്കുമെന്ന് എല്ലാ സംസ്ഥാനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.
നാളെ രാവിലെ ഏഴ് മണി മുതൽ രാത്രി ഒൻപത് മണി വരെ ജനങ്ങളാരും വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ സഹകരിക്കണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചിരുന്നു. അത്രയേറെ അത്യാവശ്യമെങ്കില്‍ മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ. ജോലിയാണെങ്കിലും പരമാവധി വീട്ടില്‍ത്തന്നെയിരുന്നു ചെയ്യാന്‍ ശ്രമിക്കണമെന്നാണ് നിർദ്ദേശം.
രാജ്യത്തെ പൊതു ഗതാഗത സംവിധാനങ്ങളെല്ലാം നാളെ നിർത്തി വയ്ക്കും. സ്വകാര്യ ബസുകളും, ഓട്ടോ, ടാക്സികളും ഒന്നും നിരത്തിലിറങ്ങില്ല. ഹോട്ടലുകളും പെട്രോൾ പമ്പുകളും കട, കമ്പോളങ്ങളും അടഞ്ഞു കിടക്കും.
3700ഓളം ട്രെയിൻ സർവീസുകൾ റെയിൽവേ റദ്ദാക്കിയിട്ടുണ്ട്. എക്സ്പ്രസ്, പാസഞ്ചർ ട്രെയിനുകളൊന്നും ഓടില്ല. ഇന്ന് അർധ രാത്രി മുതൽ നാളെ രാത്രി പത്ത് മണി വരെ പാസഞ്ചർ, എക്സ്പ്രസ് ട്രെയിനുകളൊന്നും സർവീസ് നടത്തില്ല. നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളുടെ സർവീസ് തടസപ്പെടില്ല.
കര്‍ഫ്യൂവിനോട് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായി സഹകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. കെഎസ്ആര്‍ടിസി, കൊച്ചി മെട്രോ എന്നിവ സര്‍വീസ് നടത്തില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ബേക്കറികൾ എന്നിവ അടച്ചിടുമെന്ന് ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്. നാളെ കടകൾ തുറക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും അറിയിച്ചിട്ടുണ്ട്.
നാളെ രാവിലെ ഏഴ് മുതൽ രാത്രി ഒൻപത് മണി വരെ പെട്രോൾ പമ്പുകൾ അടച്ചിടുമെന്ന് കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷൻ അറിയിച്ചു.
അതേസമയം രാവിലെ ഏഴിന് യാത്ര തുടങ്ങിയ പാസഞ്ചര്‍ ട്രെയിനുകളെ, ലക്ഷ്യസ്ഥാനത്ത് എത്തി സര്‍വീസ് നിര്‍ത്താന്‍ അനുവദിക്കും. എന്നാല്‍ യാത്രക്കാരില്ലാത്ത പാസഞ്ചര്‍ തീവണ്ടികള്‍ ആവശ്യമെങ്കില്‍ പാതിവഴിയില്‍ റദ്ദാക്കും. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ എന്നി നഗരങ്ങളിലെ സബര്‍ബന്‍ തീവണ്ടികള്‍ പരിമിതമായ നിലയിലെ സര്‍വീസ് നടത്തുകയുളളൂ. അവശ്യ യാത്രകള്‍ നടത്തേണ്ടി വരുന്നവരെ മാത്രം മുന്നില്‍ക്കണ്ടാവും ഞായറാഴ്ച സബര്‍ബന്‍ തീവണ്ടികള്‍ ഓടിക്കുക.
ട്രെയിനുകളിലെ കാറ്ററിങ് സര്‍വീസുകള്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവച്ചിട്ടുണ്ട്. ഫുഡ് പ്ലാസകള്‍, റിഫ്രഷ്‌മെന്റ് റൂമുകള്‍, ജന്‍ ആഹാര്‍ കേന്ദ്രങ്ങള്‍ എന്നിവയെല്ലാം അടയ്ക്കുമെന്നും ഐആര്‍സിടിസി വൃത്തങ്ങള്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates