

ന്യൂഡല്‍ഹി: പൊലീസുകാരെ മര്‍ദിച്ച അഭിഭാഷകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ഡല്‍ഹി പോലീസ് നടത്തിയ സമരം അവസാനിച്ചു. ഇന്നതഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാനുള്ള തീരുമാനം. ഇതേ തുടര്‍ന്ന് ആസ്ഥാനത്തെ പ്രതിഷേധക്കാരെ നീക്കി. പൊലീസുകാര്‍ നടത്തിയ റോഡ് ഉപരോധം അവസാനിപ്പിച്ചു.
കുറ്റക്കാര്‍ക്കെതിരായ അഭിഭാഷകര്‍ക്കെതിരെ നടപടിയെടക്കും, പരുക്കേറ്റ പൊലീസുകാര്‍ക്ക് 25,000 രൂപ നഷ്ടപരിഹാരം നല്‍കും. തുടങ്ങിയ പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെയാണ് മണിക്കൂറുകള്‍ നീണ്ട സമരം അവസാനിച്ചത്. സമരം നടത്തിയ പൊലീസുകാരോട് ജോലിയില്‍ പ്രവേശിക്കാനും കമ്മീഷണര്‍ ആവശ്യപ്പെട്ടു. പൊലീസുകാര്‍ക്കെതിരായ അക്രമം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും പരുക്കേറ്റ പൊലീസുകാര്‍ക്കായി നീതി പൂര്‍വമായ നടപടികള്‍ കൊക്കൊള്ളുമെന്നും കമ്മീഷണര്‍ സമരക്കാര്‍ക്ക് ഉറപ്പുനല്‍കി.
പ്രധാനമായും അഞ്ച് ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പൊലീസുകാരുടെ സമരം. പൊലീസുകാരുടെ സസ്‌പെന്‍ഷനും സ്ഥലംമാറ്റവും റദ്ദാക്കുക, പൊലീസുകാരെ ആക്രമിച്ച അഭിഭാഷകരെ അറസ്റ്റ് ചെയ്യുക, പരുക്കേറ്റ പൊലീസുകാര്‍ക്ക് നഷ്ടപരിഹാരം നല്‍കുക, അഭിഭാഷകരെ അറസ്റ്റ് ചെയ്യരുതെന്ന കോടതി ഉത്തരവ് പിന്‍വലിക്കുക, അക്രമികളായ അഭിഭാഷകരുടെ ലൈസന്‍സ് റദ്ദാക്കുക എന്നിവയായിരുന്നു.
പിന്തുണ പ്രഖ്യാപിച്ച് തമിഴ്‌നാട്, കര്‍ണാടക ബിഹാര്‍ പൊലീസ് അസോസിയേഷനുകളും രംഗത്തെത്തി. കേരള ഐപിഎസ്, ഡല്‍ഹി ഐഎഎസ് അസോസിയേഷനുകളും പിന്തുണ പ്രഖ്യാപിച്ചു.
രാവിലെ 10 മണിക്ക് ആരംഭിച്ച പ്രതിഷേധ സമരത്തില്‍ നൂറോളം പോലീസുകാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. സമയം പിന്നിട്ടതോടെ പ്രതിഷേധം ശക്തമായി. കേരളം, കര്‍ണാടക, തമിഴ്‌നാട് ഐ.പി.എസ് അസോസിയേഷനുകളും ബിഹാര്‍, ഹരിയാണ എന്നിവിടങ്ങളിലെ പോലീസ് അസോസിയേഷനുകളുമാണ് സമരത്തിനിറങ്ങിയ പോലീസുകാര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു
നവംബര്‍ രണ്ട് ശനിയാഴ്ചയാണ് ഡല്‍ഹി തീസ് ഹസാരി കോടതിവളപ്പില്‍ ഒരു അഭിഭാഷകന്റെ വാഹനത്തില്‍ പോലീസ് വാഹനം തട്ടിയതും പാര്‍ക്കിങിനെചൊല്ലിയുള്ള തര്‍ക്കവും സംഘര്‍ഷത്തില്‍ കലാശിച്ചത്. ഒരു അഭിഭാഷകനെ പോലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ അഭിഭാഷകരുടെ മര്‍ദനമേറ്റ് പോലീസുകാരും ആശുപത്രിയിലായി. പോലീസുകാരെ അഭിഭാഷകര്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പോലീസുകാര്‍ സമരവുമായി രംഗത്തെത്തിയത്. അതിനിടെ രണ്ടു പോലീസ് ഓഫീസര്‍മാരെ സ്ഥലം മാറ്റാനും രണ്ട് പോലീസുകാരെ സസ്‌പെന്റ് ചെയ്യാനും ഹൈക്കോടതി ഉത്തരവിട്ടത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates