ഡല്‍ഹിയില്‍ കലാപം അതിരൂക്ഷം; മരിച്ചവരുടെ എണ്ണം 11 ആയി, വെടിവയ്പില്‍ 70പേര്‍ക്ക് പരിക്ക്; ആയുധങ്ങളുമായി തമ്പടിച്ച് ആള്‍ക്കൂട്ടം

പൗരത്വ നിയമഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുളള സംഘര്‍ഷം ഡല്‍ഹിയുടെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു
ചിത്രം: പിടിഐ
ചിത്രം: പിടിഐ
Updated on
1 min read

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുളള സംഘര്‍ഷം ഡല്‍ഹിയുടെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറായി തെരുവില്‍ രൂക്ഷമായി തുടരുന്ന സംഘര്‍ഷത്തില്‍ തീവയ്പും പരസ്പരമുളള ഏറ്റുമുട്ടലുമാണ് ദൃശ്യമായത്. അതിനിടെ മരിച്ചവരുടെ എണ്ണം പൊലീസുകാരന്‍ ഉള്‍പ്പെടെ 11 ആയി ഉയര്‍ന്നു. ഏറ്റുമുട്ടലില്‍ പരിക്കേറ്റ 150 പേരെ ജെടിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മെഡിക്കല്‍ സൂപ്രണ്ട്  സുനില്‍കുമാര്‍ പറഞ്ഞു. ഇതില്‍ 70പേരുടെ പരിക്ക് വെടിയേറ്റതിനെ തുടര്‍ന്നാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ജാഫ്രാബാദ്, ഗോകുല്‍പുരി, ഭജന്‍പുര എന്നിവിടങ്ങളില്‍ ആക്രമണങ്ങള്‍ തുടരുകയാണ്. ആയുധങ്ങളുമേന്തി അക്രമികള്‍ തെരുവുകള്‍ കയ്യേറിയപ്പോള്‍, പലയിടത്തും പൊലീസ് സന്നാഹമില്ല. കര്‍ദംപുരിയില്‍ ഇരു വിഭാഗങ്ങളും തമ്മില്‍ വെടിവെയ്പ്പുണ്ടായി. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍  നാലിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഒരു മാസത്തേയ്ക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.അഞ്ചു മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു.  6000ത്തില്‍പ്പരം പൊലീസുകാരെയും അര്‍ധ സൈനികരെയുമാണ് വിന്യസിച്ചിരിക്കുന്നത്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി ചാന്ദ് ബാഗില്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

കബീര്‍ നഗര്‍, മൗജ്പൂര്‍, ബ്രഹ്മപുരി എന്നിവിടങ്ങളിലും സംഘര്‍ഷം തുടരുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും വ്യാപക ആക്രമണമാണ് നടക്കുന്നത്. ക്യാമറകള്‍ തല്ലി തകര്‍ക്കുകയും ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു. അക്രമം ഭയന്ന് പല പ്രദേശങ്ങളില്‍ നിന്നും ജനങ്ങള്‍ വീടൊഴിഞ്ഞ് പോവുകയാണ്. സംഘര്‍ഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തില്‍ രാജ്ഘട്ടില്‍ പ്രാര്‍ത്ഥന നടത്തി.

കേന്ദ്രസേനയെ വിന്യസിക്കണമെന്ന് അരവിന്ദ് കെജരിവാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ നിലവില്‍ സേനയെ രംഗത്തിറക്കേണ്ട സാഹചര്യമില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. നേരത്തെ, ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യമെങ്കില്‍ കേന്ദ്ര സേനയെ വിന്യസിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയിയെന്ന് കെജരിവാള്‍ പറഞ്ഞിരുന്നു. അക്രമങ്ങളില്‍ പരിക്കേറ്റ് ആശുപത്രിയിലുള്ളവരെ കെജരിവാള്‍ സന്ദര്‍ശിച്ചു.

ദീര്‍ഘവീക്ഷണവും പ്രതികരണശേഷിയില്ലാത്തതുമായ നേതാക്കന്മാരെ തെരഞ്ഞെടുത്തതിനുള്ള വിലയാണ് ജനങ്ങള്‍ ഇപ്പോളനുഭവിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം പറഞ്ഞു. പൗരത്വ നിയമഭേദഗതി നിയമം ഉടന്‍ പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പൊലീസ് കലാപകാരികള്‍ക്കൊപ്പം ചേര്‍ന്ന് അക്രമം അഴിച്ചുവിടുകയാണെന്നും സമാധാനം പുനസ്ഥാപിക്കാനുള്ള ഏക പോംവഴി സൈന്യത്തെ രംഗത്തിറക്കുകയാണെന്നും എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com