

ന്യൂഡൽഹി: ഡൽഹി കലാപക്കേസ് പരിഗണിച്ച ജസ്റ്റിസ് മുരളീധറിന് സ്ഥലം മാറ്റം. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്കാണ് സ്ഥലം മാറ്റം. മുരളീധറിനെ സ്ഥലംമാറ്റാന്‍ നേരത്തെ കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു. കേസ് പരിഗണിക്കുന്ന ഡൽഹി ഹൈക്കോടതി ബെഞ്ചിൽ മാറ്റം വരുത്തിയതിന് പിന്നാലെയാണ് സ്ഥലം മാറ്റ ഉത്തരവ് കേന്ദ്രസർക്കാർ വിജ്ഞാപനമായി പുറത്തിറക്കിയിരിക്കുന്നത്. ജസ്റ്റിസിനെ സ്ഥലം മാറ്റാൻ നേരത്തെ സുപ്രീം കോടതി കൊളീജിയം സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗം നടത്തിയതിന് ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ജസ്റ്റിസ് മുരളീധർ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. കപില്‍ മിശ്ര, അനുരാഗ് ഠാക്കൂര്‍, പര്‍വേശ് വര്‍മ, അഭയ് വര്‍മ എന്നിവരുടെ പ്രസംഗങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കാനാണ് ജസ്റ്റിസ് എസ് മുരളീധര്‍ പൊലീസിനു നിര്‍ദേശം നല്‍കിയത്.
വിദ്വേഷ പ്രസംഗം നടത്തിയതിന് കേസെടുക്കാതിരുന്നാല്‍ ഉണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ ഗൗരവത്തോടെ കാണണമെന്ന് പറഞ്ഞ ജസ്റ്റിസ് ഇക്കാര്യത്തിൽ പൊലീസിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ആരും നിയമത്തിന് അതീതരല്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി ലളിതകുമാരി കേസിലെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കി. കലാപം സംബന്ധിച്ച് സമർപ്പിക്കപ്പെട്ട ഹർജികൾ ഇന്ന് ചീഫ് ജസ്റ്റിസ് ആകും പരിഗണിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates