

കശ്മീര്‍ വിഷയത്തില്‍ പ്രതികരണവുമായി നോബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ് സായി. കശ്മീരിലെ സ്‌കൂള്‍ കുട്ടികളെ സഹായിക്കണമെന്ന് മലാല യുഎന്നോട് ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു മലാലയുടെ അഭ്യര്‍ത്ഥന. കുട്ടികള്‍ ഉള്‍പ്പെടെ തടവിലാക്കപ്പെട്ട 4000ത്തോളം പേരെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നും മലാല ട്വീറ്റ് ചെയ്തു.
നാല്‍പ്പത് ദിവസമായി സ്‌കൂളില്‍ പോകാന്‍ കഴിയാത്ത കുട്ടികളെക്കുറിച്ചും വീടിന് പുറത്തിറങ്ങാന്‍ ഭയക്കുന്ന പെണ്‍കുട്ടികളെക്കുറിച്ചും തനിക്ക് ആശങ്കയുണ്ടെന്ന് മലാല പറഞ്ഞു.
'കഴിഞ്ഞ ഏതാനും ദിവസങ്ങളായി കശ്മീരിലെ ജനങ്ങളുമായും പത്രപ്രവര്‍ത്തകരുമായും മനുഷ്യാവകാശ പ്രവര്‍ത്തകരുമായും വിദ്യാര്‍ത്ഥികളുമായും സംസാരിക്കുകയായിരുന്നു. കശ്മീര്‍ ജനത പുറംലോകത്ത് നിന്ന് ഒറ്റപ്പെട്ടിരിക്കുകയാണ്.
പൂര്‍ണ നിശബ്ദത എന്നാണ് സാഹചര്യത്തെക്കുറിച്ച് ഒരു പെണ്‍കുട്ടി പറഞ്ഞത്. എന്താണ് നടക്കുന്നത് എന്ന് ആരും അറിയുന്നില്ല. പട്ടാളക്കാരുടെ കാലൊച്ചകള്‍ മാത്രമാണ് കേള്‍ക്കാന്‍ സാധിക്കുന്നത്.
ജീവിതത്തിന്റെ ലക്ഷ്യം നഷ്ടപ്പെട്ടതായി മറ്റൊരു പെണ്‍കുട്ടി പറഞ്ഞു. സ്‌കൂളില്‍ പോകാന്‍ കഴിയുന്നില്ല. പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല. ഭാവിയെക്കുറിച്ച് ആശങ്കയാണ്. സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാവുകയാണ്.'- മലാല ട്വിറ്ററില്‍ കുറിച്ചു.
ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാരോടും മറ്റ് ലോകനേതാക്കളോടുമാണ് മലാല കശ്മീരില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാല്‍ മലാലയുടെ ട്വീറ്റുകള്‍ക്ക് എതിരെ ഒരുവിഭാഗം രംഗത്തെത്തി. കശ്മീരിനെക്കുറിച്ച് ആകുലപ്പെടുന്ന മലാല, എന്തുകൊണ്ട് ബലൂചിസ്ഥാനിലെ കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടുന്നില്ല എന്നാണ് ഇവര്‍ ചോദിച്ചിരിക്കുന്നത്. ബലുചിസ്ഥാനിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കുറച്ചുസമയം മാറ്റിവയ്ക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ആരാണ് മലാലയ്ക്ക് നോബേല്‍ സമ്മാനം നല്‍കിയതെന്നും ചിലര്‍ പരിഹസിക്കുന്നു.
Malala! I appreciate ur three tweets regarding Kashmir but i didn't get which country is doing that atrocities as it didn't mention name of any country.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates