

ചെന്നൈ : രജനീകാന്തിന്റെയും കമല്‍ഹാസന്റെയും രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്ത് പ്രശസ്ത സംഗീതസംവിധായകന്‍ എ ആര്‍ റഹ്മാന്‍. സംസ്ഥാനത്ത് മികച്ച നേതൃത്വം വേണമെന്ന തോന്നലുണ്ടായതു കൊണ്ടാണ് രജനിയും കമലും രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. ആത്മീയ രാഷ്ട്രീയം എന്നതു കൊണ്ട് നല്ലതു മാത്രമായിരിക്കും, മതേതര വാദിയായ രജനീകാന്ത് ഉദ്ദേശിച്ചതെന്ന് തനിക്കുറപ്പുണ്ടെന്ന് റഹ്മാന്‍ പറഞ്ഞു. ആരു രാഷ്ട്രീയത്തില്‍ പ്രവേശിച്ചാലും അവരുടെ ലക്ഷ്യം ജനസേവനമായിരിക്കണം. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുക, കര്‍ഷകരുടെ ജീവിതം കൂടുതല്‍ മികച്ചതാക്കുക തുടങ്ങിയവയ്ക്കായിരിക്കണം മുന്‍ഗണന നല്‍കേണ്ടതെന്നും റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയത്തില്‍ മികച്ച പ്രവര്‍ത്തനമായിരിക്കും രജനീകാന്ത് കാഴ്ച വെക്കുകയെന്ന് ഒരു ചോദ്യത്തിനു മറുപടിയായി ഹിന്ദി താരം അക്ഷയ് കുമാര്‍ പറഞ്ഞു. അതേസമയം രജനിയുടെയും കമലിന്റെയും രാഷ്ട്രീയ പ്രവേശനത്തെ ഡിഎംഡികെ തലവനും നടനുമായ വിജയകാന്തിന്റെ ഭാര്യ പ്രേമലത പരിഹസിച്ചു. ഇത്രകാലം ഉറങ്ങികിടന്നവരാണ് ഇപ്പോള്‍ രാഷ്ട്രീയപാര്‍ട്ടിയുമായി വരുന്നതെന്നായിരുന്നു പ്രേമലതയുടെ പരിഹാസം.
അതിനിടെ രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ച രജനീകാന്ത് ഇന്ന് നടന്‍ കമല്‍ഹാസനുമായി കൂടിക്കാഴ്ച നടത്തിയേക്കും. മലേഷ്യയില്‍ നടക്കുന്ന ഒരു ചടങ്ങിലായിരിക്കും ഇരുവരുടെയും കൂടിക്കാഴ്ച. ചെന്നൈയില്‍ നടികര്‍ സംഘത്തിന്റെ പുതിയ കെട്ടിടം നിര്‍മിക്കാനാവശ്യമായ പണം സ്വരൂപിക്കാന്‍ സംഘടിപ്പിക്കുന്ന ചടങ്ങിലേക്കാണ് രജനീകാന്തും കമലഹാസനും എത്തുക. രാഷ്ട്രീയമായ കാര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്യുമോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയെ സന്ദര്‍ശിച്ച രജനി കഴിഞ്ഞദിവസം അണ്ണാഡിഎംകെ മുന്‍ മന്ത്രിയും ചലച്ചിത്രകാരനുമായ ആര്‍.എം.വീരപ്പനുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates