അഹമ്മദാബാദ്: റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ആറു വയസുകാരന്‍ മരിച്ച നിലയില്‍. കുട്ടി കാറില്‍ കയറിയ ഉടനെ ഡോര്‍ ലോക്കായതാണ് മരണ കാരണം. കാറില്‍ കുടുങ്ങിയ കുട്ടി ശ്വാസം കിട്ടാതെ മരിച്ചതാകാമെന്ന് പൊലീസ് പറയുന്നു.
ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. എയര്‍പോര്‍ട്ടിലേക്ക് പോകുന്ന റോഡില്‍ ഇസ്‌കോണ്‍ ബംഗ്ലാവിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറിലാണ് കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ദിരാ ബ്രിഡ്ജിന് സമീപമുളള ശരണ്യവാസില്‍ താമസിക്കുന്ന അജയ് ശരണ്യയാണ് അതിദാരുണമായി മരിച്ചത്. വീട്ടുജോലിക്കാരിയായ ബോളിബെനുമായി വീട്ടില്‍ നിന്ന് ഇറങ്ങിയതാണ് അജയ്. തൊട്ടടുത്തുളള വീടുകളിലാണ് ബോളിബെന്‍ വീട്ടുജോലിക്ക് പോകുന്നത്. പലപ്പോഴും മകനെയും കൂടെ കൂട്ടാറുണ്ട്. ഇത്തരത്തില്‍ കൂടെ കൂട്ടിയ സമയത്താണ് അപകടം ഉണ്ടായത്.
റോഡിലൂടെ ഒരുമിച്ച് പോകുന്ന സമയത്ത് അമ്മയുടെ കൈവിട്ട് അജയ് ഓടിമറയുകയായിരുന്നു. ഇത് ശ്രദ്ധിക്കാതെ ബോളിബെന്‍ നടന്നുനീങ്ങി. ഇസ്‌കോണ്‍ ബംഗ്ലാവിന് സമീപം പാര്‍ക്ക് ചെയ്ത കാര്‍ കുട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടു. കാറിന്റെ ഡോര്‍ തുറന്നുകിടക്കുന്നത് കണ്ട കുട്ടി കാറിന് അകത്ത് കയറി. ഉടനെ കാറിന്റെ ഡോര്‍ ലോക്കാവുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കുട്ടിയെ കാണാനില്ലെന്ന് മനസിലാക്കിയ അമ്മ ചുറ്റുമുളള പ്രദേശത്ത് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കാര്‍ തുറന്ന സമയത്താണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാര്‍ ഒരാഴ്ചയായി പാര്‍ക്ക് ചെയ്ത നിലയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates