

ചെന്നൈ: തമിഴ്‌നാട്ടില്‍ പൊലീസ് വെടിവെയ്പ്പില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കാന്‍ തൂത്തുക്കൂടിയില്‍ എത്തിയ നടന്‍ കമല്‍ഹാസനെതിരെ കേസ്. നിരോധനാജ്ഞ ലംഘിച്ച് പ്രശ്‌നബാധിത പ്രദേശം സന്ദര്‍ശിച്ചതിനാണ് പൊലീസ് കേസെടുത്തത്.
നേരത്തെ തൂത്തുക്കുടി ജനറല്‍ ആശുപത്രിയില്‍ എത്തി വെടിവെയ്പില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ച ശേഷം തമിഴ്‌നാട് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് കമല്‍ഹാസന്‍ നടത്തിയത്. ആരാണ് വെടിവെയ്പ്പിന് ഉത്തരവിട്ടതെന്ന് തങ്ങള്‍ക്ക് അറിയണമെന്ന് കമല്‍ഹാസന്‍ ചോദിച്ചു. ഇത് എന്റെ മാത്രം ആവശ്യമില്ല. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെയും സമരത്തില്‍ പങ്കെടുത്ത ഓരോരുത്തരുടെയും ആവശ്യമാണ്. നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇതില്‍ നിന്നും രക്ഷപ്പെടാമെന്ന് സര്‍ക്കാര്‍ കരുതേണ്ട. ഈ വ്യവസായം അടച്ചുപൂട്ടിയേതീരുവെന്നും കമല്‍ഹാസന്‍ ആവശ്യപ്പെട്ടു.
ഇതിനിടെ തൂത്തുക്കുടിയിലെപൊലീസ് വെടിവെപ്പ് ആസൂത്രിതമാണെന്ന് ശരിവെക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. സാധാരണ വേഷത്തിലെത്തിയ പരിശീലനം നേടിയ ഷൂട്ടര്‍പൊലീസ് ബസ്സിനു മുകളില്‍ കയറി നിന്ന് സമരക്കാരെ തിരഞ്ഞ് പിടിച്ച് വെടിവെക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്.
കലാപം നിയന്ത്രിക്കാനുള്ള പ്രത്യേക സേനയെയും, സ്വയരക്ഷാ മുന്‍കരുതലുകളുമെടുത്ത പോലീസുകാരെയും വീഡിയോയില്‍ കാണാം. കമാന്‍ഡോയുടെ ശാരീരിക ചലനങ്ങളോടെ സാധാരണ വേഷത്തില്‍ ഒരാള്‍ പൊടുന്നനെ ബസ്സിനു മുകളിലേക്ക് കയറുന്നതും പ്രത്യേക ട്രെയിനിങ് ലഭിച്ച ഷൂട്ടര്‍മാരെ പോലെ ആളുകളെ ഉന്നം വെച്ച് വെടിവെക്കുന്ന ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് പുറത്തുവിട്ടത്.
തൂത്തുക്കുടി കുമാരറെഡിയാപുരം ഗ്രാമത്തില്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് സ്‌റ്റെര്‍ലൈറ്റ് ചെമ്പ്‌സംസ്‌കരണശാലക്കെതിരേ നാട്ടുകാര്‍ പ്രക്ഷോഭം ആരംഭിച്ചത്. ചെമ്പ്‌സംസ്‌കരണശാലയില്‍നിന്നുള്ള രാസമാലിന്യങ്ങള്‍ ജലവും വായുവും മണ്ണും ഒരുപോലെ മലിനപ്പെടുത്തുന്നു എന്നാണ് പരാതി. സമരം നൂറുദിവസം പിന്നിടുന്ന വേളയില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് കളക്ടര്‍ എന്‍. വെങ്കിടേഷ് ചൊവ്വാഴ്ച രാവിലെ മുതല്‍ ഒരുദിവസത്തേക്ക് ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇത് മറികടന്ന് നടത്തിയ പ്രതിഷേധപ്രകടനത്തിന് നേരെ നടന്ന വെടിവെയ്പ്പില്‍ 11 പേരാണ് മരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates