

ന്യൂഡല്‍ഹി: ഹോസ്റ്റല്‍ ഫീസ് വര്‍ധന പൂര്‍ണമായും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട്  ജെഎന്‍യു വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് നേരെ പൊലീസ് ലാത്തിചാര്‍ജ്ജ്. ലാത്തിചാര്‍ജ്ജില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. വിദ്യാര്‍ഥികളുടെ സമരത്തിലേക്ക് പൊലീസും സിആര്‍പിഎഫ് ജവാന്മാരും ഇരച്ചുകയറുകയായിരുന്നു. തെരുവ് വിളക്കുകള്‍ അണച്ച ശേഷമായിരുന്നു ലാത്തിചാര്‍ജ്ജ്. ഇതിന് പിന്നാലെ വിദ്യാര്‍ഥികള്‍ ചിതറിയോടുകയും ചെയ്തു.സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം വിദ്യാര്‍ഥികളെ ചര്‍ച്ചക്ക് വിളിച്ചതിന് പിന്നാലെയായിരുന്നു ലാത്തിചാര്‍ജ്
വിദ്യാര്‍ഥികളുടെ സമരം അകമാസക്തമായതിനെത്തുടര്‍ന്ന് രാജ്യതലസ്ഥാനത്തെ നാല് മെട്രോ സ്‌റ്റേഷനുകള്‍ താത്കാലികമായി അടച്ചു. ഉദ്യോഗ് ഭവന്‍, പട്ടേല്‍ ചൗക്ക്, ലോക് കല്യാണ്‍ മാര്‍ഗ്, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് സ്‌റ്റേഷനുകളുടെ പ്രവേശന കവാടങ്ങളാണ് താത്കാലികമായി അടച്ചത്. പോലീസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നാല് പ്രധാന മെട്രോ സ്‌റ്റേഷനുകള്‍ അടച്ചതെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡി.എംആര്‍സി) ട്വിറ്ററിലൂടെ അറിയിച്ചു.
ഈ നാലു സ്‌റ്റേഷനുകളിലും മെട്രോ തീവണ്ടികള്‍ തത്കാലം നിര്‍ത്തില്ലെന്നും ഡിഎംആര്‍സി വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാര്‍ഥികളുടെ പാര്‍ലമെന്റ് മാര്‍ച്ച് രാവിലെ അക്രമാസക്തമായതിനെത്തുടര്‍ന്ന് 50 ഓളം വിദ്യാര്‍ഥികളെ ഡല്‍ഹി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അവരെ ഏറെ വൈകിയും വിട്ടയച്ചിട്ടില്ല.
ഫീസ് വര്‍ധന പൂര്‍ണമായും പിന്‍വലിക്കുകയും കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികളെ വിട്ടയയ്ക്കുകയും ചെയ്യുന്നതുവരെ പ്രക്ഷോഭം തുടരുമെന്നാണ് ജെഎന്‍യു വിദ്യാര്‍ഥികള്‍ പറയുന്നത്. ഹോസ്റ്റല്‍ ഫീസ് വര്‍ധന അടക്കമുള്ളവ പാര്‍ലമെന്റില്‍ ഉന്നയിക്കണമെന്ന് എം.പിമാരോട് അഭ്യര്‍ഥിക്കാനാണ് പാര്‍ലമെന്റ് ലക്ഷ്യമാക്കി നീങ്ങിയതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം തിങ്കളാഴ്ച തുടങ്ങിയ സാഹചര്യത്തിലാണ് വിദ്യാര്‍ഥികള്‍ മാര്‍ച്ച് നടത്തിയത്. ഹോസ്റ്റല്‍ ഫീസ് വര്‍ധന ജെ.എന്‍.യു അധികൃതര്‍ നേരത്തെ ഭാഗികമായി പിന്‍വലിച്ചിരുന്നു. എന്നാല്‍, പൂര്‍ണമായി പിന്‍വലിക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
