

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാജി സന്നദ്ധത അറിയിച്ചു. സോണിയാ ഗാന്ധിയെയും മുതിര്‍ന്ന നേതാക്കളെയുമാണ് രാഹുല്‍ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ രാജി തീരുമാനം സോണിയ നിരാകരിച്ചു.
മുതിര്‍ന്ന നേതാക്കള്‍ രാജി തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്ന് രാഹുലിനോട് ആവശ്യപ്പെട്ടു. പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്ത് തുടരണമോ എന്ന കാര്യത്തില്‍ പ്രവര്‍ത്തക സമിതി അന്തിമതീരുമാനം കൈക്കൊള്ളട്ടെയെന്ന നിലപാടിലാണ് രാഹുല്‍ ഗാന്ധി.
പരമ്പരാഗതമായി നെഹ്രു കുടുംബം പ്രതിനിധാനം ചെയ്തുകൊണ്ടിരുന്ന അമേഠി മണ്ഡലത്തിലെ ദയനീയ തോല്‍വിയും രാഹുലിന്റെ തീരുമാനത്തിന് കാരണമായിട്ടുണ്ടെന്നാണ് സൂചന. അമേഠിയില്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനിയോട് രാഹുല്‍ തോറ്റത്. എന്നാല്‍ മത്സരിച്ച രണ്ടാമത്തെ മണ്ഡലമായ വയനാട്ടില്‍ മൂന്ന് ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് ജയിച്ച് രാഹുല്‍ വന്‍ നാണക്കേടില്‍ നിന്ന് രക്ഷപ്പെട്ടു.
തെരെഞ്ഞടുപ്പ് വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാഹുല്‍ അഭിനന്ദിച്ചിരുന്നു. അമേഠിയില്‍ തന്നെ പരാജയപ്പെടുത്തിയ സ്മൃതി ഇറാനിക്കും രാഹുല്‍ അഭിനന്ദനമറിയിച്ചു.'ഈ ദിനം തോല്‍വിയെ പറ്റി ആലോചിക്കാനുള്ള ഒരുദിവസമായി ഞാന്‍ കാണുന്നില്ല. അതിന് കാരണം മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാനുള്ള തീരുമാനം ജനങ്ങളാണ് എടുത്തത്. ഒരു ഇന്ത്യന്‍ എന്ന നിലയില്‍ ജനവിധി താനും അംഗീകരിക്കുന്നുവെന്നായിരുന്നു തെരഞ്ഞടുപ്പിന് പിന്നാലെ രാഹുലിന്റെ പ്രതികരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates