

ന്യൂഡൽഹി: നിര്‍ഭയ കേസ് പ്രതികളിലൊരാളായ പവന്‍ ഗുപ്‍ത സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി. ആറംഗ ബഞ്ചാണ് ഹര്‍ജി തള്ളിയത്. കുറ്റം ചെയ്യുമ്പോൾ പ്രായപൂർത്തിയായിട്ടില്ല എന്നും ശിക്ഷയിൽ ഇളവുകൾ ലഭിക്കണം എന്നും കാണിച്ചായിരുന്നു പവന്‍ ഗുപ്‍ത തിരുത്തൽ ഹർജി നല്‍കിയത്.
ഈ ആവശ്യം ഉന്നയിച്ചുള്ള ഹർജി ജനുവരി 20നും പുനഃപരിശോധനാ ഹർജി ജനുവരി 31നും സുപ്രീം കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഈ വിധിക്കെതിരെ തിരുത്തല്‍ ഹര്‍ജിയുമായി പവന്‍ ഗുപ്‍ത കോടതിയെ വീണ്ടും സമീപിച്ചത്.
കുറ്റവാളികളെ നാളെ പുലർച്ചെ അഞ്ചരയ്ക്ക് തൂക്കിലേറ്റാൻ തിഹാർ ജയിൽ സജ്ജമായിക്കഴിഞ്ഞു. ആരാച്ചാര്‍ പവൻ കുമാര്‍ ജയിലിൽ ഡമ്മി പരീക്ഷണവും പൂര്‍ത്തിയാക്കി. മൂന്ന് തവണയാണ് വധ ശിക്ഷ നടപ്പാക്കേണ്ട തീയ്യതി മാറ്റിവച്ചത്. നാല് കുറ്റവാളികളുടെയും ദയാ ഹർജിയും തിരുത്തൽ ഹർജിയും തള്ളിയതാണെങ്കിലും അവസാന നിമിഷവും ശിക്ഷ സ്റ്റേ ചെയ്യണമെന്ന അപേക്ഷകൾ കോടതിക്ക് മുമ്പിൽ എത്തിയിരുന്നു. വിവാഹ മോചനം ആവശ്യപ്പെട്ട് അക്ഷയ് സിങിന്‍റെ ഭാര്യ ഔറംഗാബാദ് കോടതിയെ സമീപിച്ചതും കുറ്റവാളികളുടെ അഭിഭാഷകൻ ആയുധമാക്കുന്നു.
നിയമത്തിന്‍റെ എല്ലാ വഴികളും അവസാനിച്ചെങ്കിലും ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കാനുള്ള ശ്രമത്തിലാണ് പ്രതികള്‍. ശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര കോടതിയിൽ നൽകിയ ഹര്‍ജിയിൽ ഇതുവരെ തീരുമാനം വന്നിട്ടില്ല.
തീഹാര്‍ ജയിലിൽ പ്രത്യേകം സെല്ലുകളിലാണ് നാല് കുറ്റവാളികളെയും പാര്‍പ്പിച്ചിരിക്കുന്നത്. സിസിടിവി ക്യാമറകളിലൂടെ മുഴുവൻ സമയവും ഇവരെ നിരീക്ഷിക്കുന്നുണ്ട്. 2012 ഡിസംബര്‍ 16നാണ് ദില്ലിയിൽ 23 കാരിയെ ഇവര്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഡിസംബര്‍ 26ന് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates