നോട്ട് നിരോധിച്ചത് ആര്‍ബിഐയുടെ അംഗീകാരമില്ലാതെ; കള്ളപ്പണം നിയന്ത്രിക്കാനാവില്ലെന്ന മുന്നറിയിപ്പ് മോദി സര്‍ക്കാര്‍ ചെവികൊണ്ടില്ല

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതി ഇല്ലാതെയെന്ന് വിവരാവകാശരേഖ
നോട്ട് നിരോധിച്ചത് ആര്‍ബിഐയുടെ അംഗീകാരമില്ലാതെ; കള്ളപ്പണം നിയന്ത്രിക്കാനാവില്ലെന്ന മുന്നറിയിപ്പ് മോദി സര്‍ക്കാര്‍ ചെവികൊണ്ടില്ല
Updated on
1 min read

ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതി ഇല്ലാതെയെന്ന് വിവരാവകാശരേഖ. 2016 നവംബര്‍ എട്ടിന് രാത്രി എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് അസാധുവാക്കുന്നതായി പ്രഖ്യാപിച്ചത്. എന്നാല്‍, ഡിസംബര്‍ 15നാണ് ആര്‍ബിഐ തീരുമാനം അംഗീകരിക്കുന്നത്. നോട്ടുനിരോധനം നടപ്പായി 86 ശതമാനം നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തിയശേഷമായിരുന്നു ഇത്. പൊതുതാത്പര്യം മുന്‍നിര്‍ത്തി തീരുമാനം അംഗീകരിക്കുന്നതായാണ് ഉത്തരവില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

അസാധുവാക്കലിന് രണ്ടരമണിക്കൂര്‍ മുമ്പുനടന്ന ആര്‍ബിഐ ബോര്‍ഡ് യോഗത്തില്‍ അംഗങ്ങള്‍ വിയോജിപ്പ് രേഖപ്പെടുത്തി. നടപടി സാമ്പത്തികവളര്‍ച്ചയെ നടപ്പുവര്‍ഷം പിന്നോട്ടടിപ്പിക്കുമെന്നും കള്ളപ്പണം നിയന്ത്രിക്കാനാവില്ലെന്നും ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ അധ്യക്ഷതയില്‍ചേര്‍ന്ന യോഗം മുന്നറിയിപ്പുനല്‍കി. അന്ന് കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്തദാസും യോഗത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ആര്‍ബിഐയുടെ നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ചെവികൊണ്ടില്ല. 

ആര്‍ബിഐ യോഗത്തിന്റെ മിനുട്‌സില്‍ നോട്ടുനിരോധനം നടപ്പാക്കിയാലുണ്ടാകുന്ന ഭവിഷ്യത്തുകളും ബോര്‍ഡംഗങ്ങള്‍ നിരത്തുന്നുണ്ട്. ആറുമാസത്തോളം ഇതുസംബന്ധിച്ച് ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും ചര്‍ച്ചകള്‍ നടത്തിയിരുന്നതായും മിനുട്‌സില്‍ വ്യക്തമാവുന്നു.

അഞ്ചുവര്‍ഷത്തിനുള്ളില്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളില്‍ വന്‍വര്‍ധന ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടുനിരോധിക്കുന്നതിന് ധനമന്ത്രാലയം ആര്‍ബിഐയുടെ അനുമതി തേടിയത്. 2011-12 മുതല്‍ 2015-16 വരെ സാമ്പത്തികവളര്‍ച്ച 30 ശതമാനമായിരുന്നു. എന്നാല്‍, അഞ്ഞൂറിന്റെ നോട്ട് 76.38 ശതമാനവും ആയിരത്തിന്റേത് 108.98 ശതമാനവും കൂടി. 

റവന്യൂവകുപ്പ് കള്ളപ്പണത്തെക്കുറിച്ച് പുറത്തിറക്കിയ ധവളപത്രത്തില്‍ കറന്‍സിയുടെ രൂപത്തില്‍നടക്കുന്ന ഇടപാടുകള്‍ കള്ളപ്പണത്തെ പ്രോത്സാഹിപ്പിക്കുന്നതായി പറയുന്നു. 1999ല്‍ ജിഡിപിയുടെ 20.7 ശതമാനമായിരുന്ന കള്ളപ്പണം 2007ല്‍ 23.2 ശതമാനമായതായി 2010 ജൂലയില്‍ ലോകബാങ്ക് ഇന്ത്യയെക്കുറിച്ച് പുറത്തിറക്കിയ റിപ്പോര്‍ട്ടിലും പറയുന്നു. രാജ്യത്ത് മൊത്തം 400 കോടിയുടെ കള്ളപ്പണമാണ് ക്രയവിക്രയം ചെയ്യപ്പെടുന്നത്. ഈ പശ്ചാത്തലത്തില്‍ നോട്ടുകള്‍ അസാധുവാക്കണമെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം.

എന്നാല്‍, സാമ്പത്തികവളര്‍ച്ചയുമായി താരതമ്യംചെയ്യുമ്പോള്‍ പ്രചാരത്തിലുള്ള കള്ളപ്പണം നാമമാത്രമാണെന്നായിരുന്നു ആര്‍ബിഐയുടെ നിലപാട്. പ്രചാരത്തിലുള്ള മൊത്തം നോട്ടുകളുടെ കണക്കെടുക്കുമ്പോള്‍ 400 കോടി കള്ളപ്പണം പ്രസക്തമല്ലെന്നായിരുന്നു ആര്‍ബിഐയുടെ വാദം. കള്ളപ്പണം പ്രധാനമായും സ്വര്‍ണത്തിലും വസ്തു ഇടപാടിലുമാണുള്ളത്. അതിനാല്‍, കള്ളപ്പണം നിയന്ത്രിക്കാന്‍ നോട്ടുനിരോധിക്കുന്നത് ഫലംചെയ്യില്ല ആര്‍ബിഐ ബോര്‍ഡംഗങ്ങള്‍ വാദിച്ചു.

വിനോദസഞ്ചാരമേഖലയിലടക്കം നോട്ടുനിരോധനം പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ബോര്‍ഡ് യോഗം മുന്നറിയിപ്പ് നല്‍കി. നോട്ടുനിരോധനത്തിന്റെ അനന്തരഫലങ്ങള്‍ കുറയ്ക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും ആര്‍ബിഐ ആവശ്യപ്പെട്ടു. നോട്ടുനിരോധനത്തിനുശേഷം 99 ശതമാനം നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തിയത് ആര്‍ബിഐയുടെ നിലപാട് സാധൂകരിക്കുന്നതാണ്.

വിവരാവകാശപ്രവര്‍ത്തകന്‍ വെങ്കടേഷ് നായകിനാണ് ആര്‍ബിഐയില്‍ നിന്ന് മിനുട്‌സ് ലഭിച്ചത്. കോമണ്‍വെല്‍ത്ത് ഹ്യൂമന്റൈറ്റ്‌സ് ഇനിഷ്യേറ്റീവിന്റെ വെബ്‌സൈറ്റ് വഴിയാണ് അദ്ദേഹമത് പുറത്തുവിട്ടത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com