

അഗര്‍ത്തല: പഞ്ചാബികളെയും ഹരിയാനയിലെ ജാട്ടുകളെയും പരിഹസിച്ച് കൊണ്ടുളള വിവാദ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. സ്വാതന്ത്ര്യ സമര കാലഘട്ടത്തില്‍ പഞ്ചാബികളും ജാട്ടുകളും നല്‍കിയ സംഭാവനകളെ കുറിച്ച് ഓര്‍ത്ത് അഭിമാനം കൊളളുന്നതായി ബിപ്ലബ് കുമാര്‍ ദേബ് പറഞ്ഞു.
ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ അല്‍പ്പ ബുദ്ധികളാണ് എന്ന പരാമര്‍ശമാണ് ഒരു ഇടവേളയക്ക് ശേഷം ബിപ്ലബ് കുമാര്‍ ദേബിനെ വീണ്ടും വിവാദത്തിലേക്ക് നയിച്ചത്. അഗര്‍ത്തലയില്‍ ത്രിപുര ഇലക്ട്രോണിക് മീഡിയ സൊസൈറ്റിയുടെ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു വിവാദ പരാമര്‍ശം. ഈ പരാമര്‍ശം ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് ബിപ്ലബ് കുമാര്‍ ദേബ് മാപ്പ് പറഞ്ഞത്.
'പഞ്ചാബികളെയും ജാട്ടുകളെയും കുറിച്ച് ഒരു വിഭാഗം ആളുകള്‍ പറയുന്ന കാര്യങ്ങളാണ് സൂചിപ്പിച്ചത്. ആരെയും വേദനിപ്പിക്കാന്‍ വേണ്ടിയല്ല പറഞ്ഞത്. ഇരു വിഭാഗങ്ങളും നാടിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി നല്‍കിയ സംഭാവനകളില്‍ അഭിമാനം കൊളളുന്നു. എനിക്ക് ഇരുവിഭാഗങ്ങളില്‍ നിന്നുമായി നിരവധി സുഹൃത്തുക്കളുണ്ട്. എന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പു ചോദിക്കുന്നു. രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി ഇരുവിഭാഗങ്ങളും നല്‍കിയ സംഭാവനകളെ കുറിച്ച് സംശയങ്ങള്‍ ഉന്നയിക്കുന്നത് പോലും എനിക്ക് ചിന്തിക്കാന്‍ സാധിക്കില്ല' - ബിപ്ലബിന്റെ ട്വീറ്റില്‍ പറയുന്നു.
'പഞ്ചാബികളെ കുറിച്ച് പറയുമ്പോള്‍, അവര്‍ ആരെയും ഭയപ്പെടുന്നവരല്ല എന്നാണ് പൊതുവേ പറയാറ്. കായിക ശക്തിയുളളവരാണ് അവര്‍. എന്നാല്‍ അല്‍പ്പ ബുദ്ധികളാണ്. ശക്തി കൊണ്ട് മാത്രം വിജയിക്കാന്‍ കഴിയില്ല. സ്‌നേഹം കൊണ്ട് മാത്രമേ വിജയിക്കാന്‍ സാധിക്കൂ'- ഇതായിരുന്നു ബിപ്ലബ് കുമാര്‍ ദേബിന്റെ വാക്കുകളായി കഴിഞ്ഞദിവസം പുറത്തുവന്നത്.
ഹരിയാനയെ കുറിച്ച് പറഞ്ഞപ്പോഴും സമാനമായ വാക്കുകളാണ് ഉപയോഗിച്ചത്. 'ഹരിയാന ജാട്ടുകളും ശക്തിയുളളവരാണ്. എന്നാല്‍ അല്‍പ്പ ബുദ്ധികളാണ്. ബംഗാളികള്‍ ബുദ്ധി ഉപയോഗിച്ച് കളിക്കുന്നവരാണ്. അതുകൊണ്ട് തന്നെ അവരെ ആര്‍ക്കും തോല്‍പ്പിക്കാന്‍ സാധിക്കില്ല'- ത്രിപുര മുഖ്യമന്ത്രി പറഞ്ഞു. മുന്‍വര്‍ഷങ്ങളില്‍ നിരവധി വിവാദ പരാമര്‍ശങ്ങള്‍ നടത്തി ത്രിപുര മുഖ്യമന്ത്രി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. മഹാഭാരത കാലത്ത് ഇന്റര്‍നെറ്റും സാറ്റലൈറ്റും പോലുളള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചിരുന്നു എന്ന പരാമര്‍ശം വ്യാപകമായാണ് ചര്‍ച്ച ചെയ്യപ്പെട്ടത്. വെളളത്തില്‍ ഓക്‌സിജന്റെ അളവ് വര്‍ധിപ്പിക്കാന്‍ താറാവുകള്‍ക്ക് കഴിയും തുടങ്ങി നിരവധി പരാമര്‍ശങ്ങളാണ് വിമര്‍ശനം ക്ഷണിച്ചുവരുത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates